ആസ്റ്റൺ വില്ലക്കെതിരെ റൊണാൾഡോക്ക് വിശ്രമം അനുവദിക്കാനുണ്ടായ കാരണം വ്യക്തമാക്കി റാൾഫ് റാങ്നിക്ക്

Manchester United v Wolverhampton Wanderers - Premier League
Manchester United v Wolverhampton Wanderers - Premier League / Gareth Copley/GettyImages
facebooktwitterreddit

എഫ്എ കപ്പിൽ ഇന്നലെ ആസ്റ്റൺ വില്ലയുമായി നടന്ന മത്സരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്കു മൂലം നഷ്‌ടമായതിൽ കൂടുതൽ പ്രതികരണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്. ഈ സീസണിൽ ടീമിന്റെ ടോപ് സ്കോററായ പോർച്ചുഗീസ് താരം പുറത്തിരുന്ന മത്സരത്തിൽ മധ്യനിര താരം സ്‌കോട്ട് മക്ടോമിനായ് നേടിയ ഒരേയൊരു ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയ വോൾവ്‌സിനെതിരായ മത്സരത്തിൽ കളിച്ച ജാഡൻ സാഞ്ചോ, ഹാരി മാഗ്വയർ, ഫിൽ ജോൺസ് എന്നിവരും ഇന്നലെ റൊണാൾഡോക്ക് പുറമെ ടീമിലിടം നേടിയിരുന്നില്ല. പോർച്ചുഗീസ് താരത്തിന്റെ മസിലിനേറ്റ പരിക്ക് നേരിയതാണെന്നും അതു കൂടുതൽ രൂക്ഷമാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് താരത്തെ പുറത്തിരുത്തിയതെന്നും റാങ്നിക്ക് അറിയിച്ചു.

"കഴിഞ്ഞ ദിവസം പരിശീലനത്തിനു മുൻപ് റൊണാൾഡോയോട് ഞാൻ സംസാരിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് ചെറിയ പ്രശ്‌നങ്ങൾ ഉണ്ടെന്നു താരം പറയുകയും ചെയ്‌തു. ചെറിയ പ്രശ്‌നങ്ങൾ ആണെങ്കിലും 120 മിനുട്ടോളം നീളുന്ന മത്സരത്തിൽ റൊണാൾഡോയെ കളിപ്പിച്ച് ഒരു സാഹസത്തിനു മുതിരേണ്ടെന്നു കരുതിയാണ് വിശ്രമം നൽകാൻ തീരുമാനിച്ചത്." റാങ്നിക്ക് മത്സരത്തിനു ശേഷം പറഞ്ഞു.

"താരത്തിന്റെ ഹിപ്പ് മസിലിനാണ് പ്രശ്‌നമുള്ളത്, എന്നാൽ അതു ഗുരുതരമാണെന്നു ഞാൻ കരുതുന്നില്ല." റാങ്നിക്ക് വ്യക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്റെ വെളിപ്പെടുത്തലോടെ അടുത്ത മത്സരത്തിൽ റൊണാൾഡോ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പ്രീമിയർ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിലും ആസ്റ്റൺ വില്ല തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.