ഹാലൻഡ്, കൂണ്ടെ, ഡെക്ലൻ റൈസ് എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് റാങ്നിക്ക്


അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സെവിയ്യ പ്രതിരോധ താരം ജൂൾസ് കൂണ്ടെ, ബൊറൂസിയ ഡോർട്മുണ്ട് സ്‌ട്രൈക്കർ എർലിങ് ബ്രൂട് ഹാലൻഡ്, വെസ്റ്റ് ഹാം യുണൈറ്റഡ് മധ്യനിര താരം ഡെക്ലൻ റൈസ് എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമെന്ന വാദങ്ങളെ പൂർണമായും നിരാകരിച്ച് പരിശീലകൻ റാൾഫ് റാങ്നിക്ക്. വാട്ഫോഡിനെതിരായ മത്സരത്തിനു ശേഷം ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുമ്പോഴായിരുന്നു ജർമൻ പരിശീലകന്റെ പ്രതികരണം.
ഈ സീസണിൽ അസ്ഥിരമായ പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സമ്മറിൽ ഏതാനും താരങ്ങളെ ടീമിന്റെ ഭാഗമാക്കി മികച്ച കളി കാഴ്‌ച വെക്കാമെന്ന പ്രതീക്ഷയിലാണ്. മേൽപ്പറഞ്ഞ മൂന്നു പേരുകളും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ട് നിരവധി തവണ ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഈ താരങ്ങൾ ടീമിലെത്താനുള്ള സാധ്യത കുറവാണെന്നാണ് പരിശീലകന്റെ മറുപടി വ്യക്തമാക്കുന്നത്.
Rangnick was asked by a United fan about Kounde, Haaland and Rice...
— Man United News (@ManUtdMEN) February 27, 2022
His answer was short and sweet ? #mufc https://t.co/9K6BWDK8CT
റാങ്നിക്ക് ഓട്ടോഗ്രാഫ് ഒപ്പിടുന്നതിനിടെ കൂണ്ടെ, ഹാലൻഡ്, റൈസ് എന്നീ മൂന്നു വമ്പൻ താരങ്ങൾ സമ്മറിൽ ക്ലബിന്റെ പ്രധാന ട്രാൻസ്‌ഫർ ലക്ഷ്യങ്ങളാണെന്ന വാദം ആരാധകൻ ഉയർത്തി. അതിനുള്ള റാങ്നിക്കിന്റെ മറുപടി ആ വാദത്തെ പൂർണമായും നിഷേധിക്കുന്നതിനൊപ്പം രസകരവുമായിരുന്നു. "നിങ്ങൾ രാത്രിയിൽ എന്തെല്ലാം സ്വപ്‌നങ്ങളാണ് കാണുന്നത്" എന്നായിരുന്നു റാങ്നിക്കിന്റെ മറുപടി.
ഈ മൂന്നു താരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യം ഉണ്ടെങ്കിലും ഹാലൻഡിനു വേണ്ടി റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ അവർ മറികടക്കണം. കൂണ്ടേ, റൈസ് എന്നിവർക്കായി ചെൽസി രംഗത്തുള്ളപ്പോൾ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമല്ല. ഈ താരങ്ങളെ സ്വന്തമാക്കാൻ ചാമ്പ്യൻസ് ലീഗ് യോഗ്യതയും യുണൈറ്റഡ് ഉറപ്പിക്കേണ്ടതുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.