Manchester United

ഓസ്ട്രിയൻ ടീം പരിശീലകനായി സ്ഥാനമേറ്റെടുക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് റാങ്നിക്ക്

Sreejith N
Rangnick Responds To Austria Job Rumours
Rangnick Responds To Austria Job Rumours / Matthew Ashton - AMA/GettyImages
facebooktwitterreddit

ഓസ്ട്രിയൻ ദേശീയടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ ഉപദേശക വേഷത്തിൽ അടുത്ത സീസണിലും തുടരുമെന്നു വ്യക്തമാക്കിയ അദ്ദേഹം പക്ഷെ ദേശീയടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന വാർത്തകളെ നിഷേധിച്ചില്ല. ഓസ്ട്രിയൻ പരിശീലകനായാലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉപദേശകനായി തുടരുമെന്ന സൂചനകളാണ് അദ്ദേഹം നൽകിയത്.

"ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കുറിച്ച് സംസാരിക്കൂ, അതാണ് കാര്യം. ഞാൻ ഉപദേശകവേഷത്തിൽ തുടരുമെന്ന് സ്ഥിരീകരിക്കുന്നു. നിലവിൽ ഞാനും ടെൻ ഹാഗും തമ്മിൽ സംസാരിച്ചിട്ടില്ല. എന്നാൽ ടീമിനെ മെച്ചപ്പെടുത്താനുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. അതു മറ്റൊരു ജോലിക്കുള്ള ഇടം നൽകുന്നുണ്ടെങ്കിലും ഞങ്ങൾ ഇതാണ് നവംബറിൽ അംഗീകരിച്ചത്." ഇന്നലെ ചെൽസിയുമായി നടന്ന മത്സരത്തിനു ശേഷം റാങ്നിക്ക് പറഞ്ഞു.

ചെൽസിക്കെതിരായ മത്സരത്തിൽ സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. ഇനിയുള്ള മൂന്നു മത്സരങ്ങൾ വിജയിച്ചാലും ഒരു പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും കുറഞ്ഞ പോയിന്റ് നിലയെന്ന നാണക്കേടിന്റെ റെക്കോർഡിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തും. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും ക്ലബിനിനി യാതൊരു സാധ്യതയുമില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ഇതൊരു ബുദ്ധിമുട്ടേറിയ സീസണാണെന്നാണ് റാങ്നിക്ക് പറയുന്നത്. ക്ലബ് ഇതിനേക്കാൾ കൂടുതൽ പോയിന്റ് നേടേണ്ടതായിരുന്നെങ്കിലും അത്ലറ്റികോ മാഡ്രിഡിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും എന്നാൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മൂന്നു ടീമുകളിൽ ഒന്നായ ചെൽസിക്കെതിരെ മികച്ച രീതിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതികരിച്ചതെന്നും റാങ്നിക്ക് വെളിപ്പെടുത്തി.

ഇന്നലെ നടന്ന മത്സരത്തിൽ ചെൽസിക്കായിരുന്നു ആധിപത്യം എങ്കിലും ഗോളുകൾ നേടാൻ അവർക്കു കഴിയാതിരുന്നതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് രക്ഷയായത്. അറുപതാം മിനുട്ടിൽ മാർക്കോസ് അലോൺസോ ചെൽസിയെ മുന്നിലെത്തിച്ചെങ്കിലും രണ്ടു മിനിറ്റിനകം തന്നെ റൊണാൾഡോ സമനില ഗോൾ നേടി. ആ ഗോളോടെ പ്രീമിയർ ലീഗ് ഗോൾവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും റൊണാൾഡോക്കായിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit