Football in Malayalam

അത്ലറ്റികോ മാഡ്രിഡിനെതിരായ തോൽ‌വിയിൽ റഫറീയിങ്ങിനെ കുറ്റപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

Sreejith N
Rangnick Questions Refereeing Decisions After Atletico Loss
Rangnick Questions Refereeing Decisions After Atletico Loss / Michael Regan/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാംപാദ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനോട് തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്നും പുറത്തായതിനു പിന്നാലെ റഫറീയിങ്ങിനെ കുറ്റപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അത്ലറ്റികോ മാഡ്രിഡ് താരങ്ങൾ സമയം പാഴാക്കാൻ വേണ്ടി ചെയ്‌ത കാര്യങ്ങളോട് റഫറി കണ്ണടച്ചതിനെയും വെറും നാല് മിനുട്ട് മാത്രം സ്റ്റോപ്പേജ് ടൈം നൽകിയതിനെയുമാണ് റാങ്നിക്ക് വിമർശിച്ചത്.

"രണ്ടാം പകുതി എപ്പോഴും തടസപ്പെട്ടിരുന്നതു കൊണ്ട് വളരെ ബുദ്ധിമുട്ടായിരുന്നു. എല്ലാ സമയത്തും ഒരാൾ ഗ്രൗണ്ടിൽ കിടക്കുന്നുണ്ടാകും. റഫറി വിചിത്രമായ തീരുമാനങ്ങൾ സ്വീകരിച്ചുവെന്നും ഞാൻ പറയും. നിർണായകമായ തീരുമാനം ആയിരുന്നു അവയെന്നു ഞാൻ പറയില്ല. പക്ഷെ സമയം പാഴാക്കാൻ വണ്ടി ഇടക്കിടക്ക് വീഴുന്നതും നാല് മിനുട്ട് മാത്രം സ്റ്റോപ്പേജ് ടൈം നൽകിയതുമെല്ലാം എനിക്ക് തമാശയായിരുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് റാങ്നിക്ക് പറഞ്ഞു.

ആദ്യപാദത്തിൽ രണ്ടു ടീമുകളും ഓരോ ഗോളടിച്ചു സമനില വഴങ്ങിയതിനു ശേഷമുള്ള രണ്ടാം പാദം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനത്തായിരുന്നതിനാൽ അവർക്ക് കൂടുതൽ വിജയസാധ്യത കൽപ്പിച്ചിരുന്നു. എന്നാൽ ആദ്യപകുതിക്കു മുൻപ് ഗ്രീസ്‌മന്റെ അസിസ്റ്റിൽ ബ്രസീലിയൻ താരം റെനൻ ലോദി നേടിയ ഗോളാണ് അത്ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചത്. തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വരിഞ്ഞു കെട്ടി അവർ വിജയം നേടുകയായിരുന്നു.

മത്സരത്തിൽ തോറ്റു പുറത്തായതോടെ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എല്ലാ കിരീടപ്രതീക്ഷകളും അസ്‌തമിച്ചിട്ടുണ്ട്. അതിനു പുറമെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ കഴിയില്ലെന്ന യാഥാർഥ്യവും അവർ നേരിടുകയാണ്. പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ മൂന്നു മത്സരം കുറവു കളിച്ച ആഴ്‌സണലാണ് നാലാം സ്ഥാനത്തുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit