'കഴിഞ്ഞ ഏതാനും ആഴ്ച്ചകൾക്കിടയിലെ ഏറ്റവും മികച്ച പ്രകടനം' - ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് റാങ്നിക്ക്

Manchester United v Brighton & Hove Albion - Premier League
Manchester United v Brighton & Hove Albion - Premier League / James Gill - Danehouse/GettyImages
facebooktwitterreddit

ബ്രൈറ്റനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ റൊണാൾഡോ കാഴ്‌ച വെച്ച പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ റാൾഫ് റാങ്നിക്ക്. കഴിഞ്ഞ ഏതാനും ആഴ്‌ചകൾക്കിടയിൽ താരം നടത്തിയ ഏറ്റവും മികച്ച പ്രകടനമാണ് ബ്രൈറ്റനെതിരെ ഉണ്ടായതെന്നാണ് റാങ്നിക്ക് പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയ മത്സരത്തിൽ ആദ്യഗോൾ നേടിയത് റൊണാൾഡോ ആയിരുന്നു.

കഴിഞ്ഞ ആറു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഗോൾ നേടിയിട്ടില്ലെന്ന പോരായ്‌മ പരിഹരിച്ച് റൊണാൾഡോ നേടിയ ഗോൾ അതിമനോഹരമായ ഒന്നായിരുന്നു. മധ്യനിരതാരം മക്ടോമിനായ് നൽകിയ പന്തു സ്വീകരിച്ച റൊണാൾഡോ രണ്ടു ബ്രൈറ്റൻ താരങ്ങളെ വെട്ടിയൊഴിഞ്ഞ് നാലോളം താരങ്ങളുടെ ഇടയിലൂടെയാണ് വലയിലേക്ക് പന്തെത്തിച്ചത്. സീസണിൽ റൊണാൾഡോയുടെ പതിനഞ്ചാം ഗോൾ കൂടിയായിരുന്നു അത്.

"അത്ഭുതപ്പെടുത്തിയ ഒരു ഗോൾ. പ്രധാന ഗോളാണെന്നതിനു പുറമെ വളരെ മനോഹരവുമായിരുന്നു അത്. എല്ലാം കൊണ്ടും റൊണാൾഡോയുടെ പ്രകടനം വളരെ മികച്ചതായിരുന്നു," മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ താരത്തിന്റെ പ്രകടനത്തെ റാങ്നിക്ക് വിലയിരുത്തി.

"തന്റെ ഊർജ്ജമുപയോഗിച്ച് സഹതാരങ്ങളെ എല്ലായിപ്പോഴും സഹായിക്കാനാണ് താരം ശ്രമിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്‌ചകളുടെ ഇടയിൽ റൊണാൾഡോ നടത്തിയ ഏറ്റവും മികച്ച പ്രകടനവും ഇതായിരുന്നു. ആ ഗോൾ ഞങ്ങൾക്ക് വളരെ വളരെ പ്രധാനപ്പെട്ട ഒന്നുമാണ്," റാങ്നിക്ക് വ്യക്തമാക്കി.

മത്സരത്തിൽ വീണ്ടും മികച്ച അവസരങ്ങൾ റൊണാൾഡോയെ തേടി വന്നെങ്കിലും അത് മുതലാക്കാൻ താരത്തിനു കഴിഞ്ഞില്ല. റൊണാൾഡോ അൻപത്തിയൊന്നാം മിനുട്ടിൽ നേടിയ ഗോളിനു പുറമെ ഇഞ്ചുറി ടൈമിൽ ബ്രൂണോ ഫെർണാണ്ടസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്കു മുന്നേറാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.