ഇതാണു കളിയെങ്കിൽ റൊണാൾഡോയെ എല്ലാ ആഴ്ചയും പോർചുഗലിലേക്ക് വിടണമെന്ന് റാൾഫ് റാങ്നിക്ക്


ടോട്ടനം ഹോസ്പറിനെതിരെ ഹാട്രിക്ക് നേടി മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടിക്കൊടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് പരിശീലകൻ റാൾഫ് റാങ്നിക്ക്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിലെ ഹാട്രിക്ക് നേട്ടത്തിലൂടെ ഫുട്ബോൾ കരിയറിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കിയിരുന്നു.
ഇതിനു മുൻപ് നടന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് പരിക്കേറ്റ റൊണാൾഡോ ടീമിനെ പിന്തുണക്കാൻ നിൽക്കാതെ പോർചുഗലിലേക്ക് പോയത് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. അതിനെല്ലാമുള്ള മറുപടി കൂടിയാണ് താരം ഇന്നലെ നൽകിയത്. ഇങ്ങനെയാണെങ്കിൽ താരത്തെ എല്ലാ ആഴ്ചയും പോർചുഗലിലേക്ക് വിടണമെന്നാണ് മത്സരത്തിനു ശേഷം റാങ്നിക്ക് പറഞ്ഞത്.
Rangnick on Ronaldo: 'We were just joking a little bit it maybe makes sense to send him to Portugal for three days, having not trained for two days, and have him back in training on Thursday.' #mufchttps://t.co/1azHHIPYnO
— Samuel Luckhurst (@samuelluckhurst) March 12, 2022
"റൊണാൾഡോക്ക് ശാരീരികപരമായി ചെയ്യാൻ കഴിയുന്നത് എന്താണെന്ന് താരം ഇന്ന് കാണിച്ചു തന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളും മാസങ്ങളുമായി താരം ഇതുപോലെയല്ലെന്ന് ഞാൻ അംഗീകരിക്കുന്നു. എന്നാലിന്ന് താൻ മികച്ച രൂപത്തിലാണെന്നും ഉയർന്ന നിലവാരമുള്ള പ്രകടനം നടത്താൻ കഴിയുമെന്നും താരം തെളിയിച്ചു. ഞങ്ങൾക്ക് സീസണിന്റെ ബാക്കിയിലേക്ക് ശരിക്കും വേണ്ടത് ഇതു തന്നെയാണ്."
"പ്രീമിയർ ലീഗിൽ ഇനിയുള്ള ഒൻപതു മത്സരങ്ങൾക്കും ചാമ്പ്യൻസ് ലീഗ് മത്സരത്തിനും അതാണ് വേണ്ടത്. അതിനു മുൻപ് താരത്തെ മൂന്നു ദിവസത്തേക്ക് പോർചുഗലിലേക്ക് വിട്ട്, രണ്ടു ദിവസം പരിശീലനം ഒഴിവാക്കി വ്യഴാഴ്ച്ചകളിൽ പരിശീലനത്തിന് തിരിച്ചെത്തിക്കുന്നത് നന്നാകുമെന്ന് ഞങ്ങൾ തമാശയായി പറഞ്ഞിരുന്നു."
"വ്യാഴാഴ്ച ട്രൈനിങ്ങിൽ നടത്തിയതിനു സമാനമായ ഒരു പ്രകടനം തന്നെയാണ് താരം നടത്തിയത്. റൊണാൾഡോ ഒരാഴ്ചയോളം പുറത്തായിരുന്നിട്ടും താരത്തെ ഞാൻ ആദ്യ ഇലവനിൽ ഇറക്കിയത് അതു കൊണ്ടാണ്. സീസണിൽ ബാക്കിയുള്ള മത്സരങ്ങളിലും അതു തന്നെയാണ് ഞങ്ങൾ ചെയ്യേണ്ടത്." റാങ്നിക്ക് മത്സരത്തിനു ശേഷം പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.