Football in Malayalam

റൊണാൾഡോയുടെ ഗോൾവരൾച്ചയെ മറികടക്കാൻ കഴിവുള്ള രണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ വെളിപ്പെടുത്തി റാങ്നിക്ക്

Sreejith N
Manchester United v Crystal Palace - Premier League
Manchester United v Crystal Palace - Premier League / Sebastian Frej/MB Media/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ പതറുന്നതിനെ മറികടക്കാൻ കഴിവുള്ള രണ്ടു താരങ്ങളെ വെളിപ്പെടുത്തി പരിശീലകൻ റാൾഫ് റാങ്നിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ആദ്യ നാളുകളിൽ റൊണാൾഡോ നിരന്തരം ഗോളുകൾ കണ്ടെത്തിയിരുന്നെങ്കിലും കഴിഞ്ഞ എട്ടു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രമാണ് പോർച്ചുഗൽ താരം നേടിയിരിക്കുന്നത്. ഇതിനു പുറമെ ലഭിച്ച നിരവധി അവസരങ്ങൾ നഷ്‌ടപ്പെടുത്തുകയും ചെയ്‌തു.

നിലവിൽ മോശം ഫോമിലാണെങ്കിലും ഈ സീസണിൽ 31 മത്സരങ്ങളിൽ നിന്നും 15 ഗോളുകൾ നേടാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. മുപ്പത്തിയേഴാം വയസിൽ നിരന്തരമായി മത്സരം കളിക്കുന്ന ഒരാൾ ഇതുപോലെ പതറുന്നത് സ്വാഭാവികമാണ് എന്നിരിക്കെയാണ് ഗോൾമുഖത്തുള്ള പോരായ്‌മയെ മറികടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരങ്ങളായ എഡിസൺ കവാനിക്കും മാർക്കസ് റാഷ്‌ഫോഡിനും കഴിയുമെന്ന് റാങ്നിക്ക് വെളിപ്പെടുത്തിയത്.

"കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ സംഭവിച്ച കാര്യങ്ങൾ ആർക്കും മുൻകൂട്ടി കാണാൻ കഴിയുമായിരുന്നില്ല. എഡിസൺ ഈ മത്സരത്തിനും വരാനിരിക്കുന്ന മത്സരങ്ങൾക്കും ലഭ്യമാണെങ്കിൽ ഞങ്ങൾക്ക് മറ്റ് ഓപ്‌ഷനുകളുണ്ട്. ഞാൻ പിന്തുണ നൽകുകയും മെച്ചപ്പെടാൻ സഹായിക്കയും ചെയ്യുന്ന മറ്റൊരു താരമായ റാഷ്‌ഫോഡുമുണ്ട്. മുൻപ് ഏതാനും യുവതാരങ്ങൾക്കൊപ്പം ഞങ്ങളത് നേടിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണത് മാർക്കസിൽ അതു സംഭവിക്കാത്തതെന്ന് മനസിലാകുന്നില്ല."

"അവനു ധാരാളം കഴിവുണ്ട്, വേഗതയും ശാരീരികക്ഷമതയും ഒരു ആധുനിക സ്‌ട്രൈക്കർ എന്ന നിലയിൽ നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം അവനുണ്ട്. വിങ്ങിലാണോ മധ്യത്തിലാണോ കളിക്കുന്നതെന്നത് അവിടെ വിഷയമല്ല. കഴിഞ്ഞ മാസങ്ങളിൽ മറ്റു താരങ്ങൾ കടന്നു വന്ന പാതയിൽ താരത്തെയുമെത്തിക്കാൻ ഞാൻ എന്റെ എല്ലാ ഊർജ്ജവും ഉപയോഗിക്കും." റാങ്നിക്ക് പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എത്തിഹാദിൽ ഇറങ്ങുമ്പോൾ ഗോൾ നേടുന്നതിനുള്ള പോരായ്‌മ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു പ്രതിസന്ധി സൃഷ്‌ടിക്കുന്നത്‌. റാങ്നിക്ക് എത്തിയതിനു ശേഷം പ്രീമിയർ ലീഗിൽ കൂടുതൽ ഗോളവസരങ്ങൾ സൃഷ്‌ടിച്ച ടീമുകളിൽ ഒന്നാണെന്നിരിക്കെയാണ് ഗോൾ നേടുന്നതിനുള്ള പോരായ്‌മ അവർക്ക് തിരിച്ചടി നൽകുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit