Football in Malayalam

"കഴിവു പ്രകടിപ്പിക്കാൻ എല്ലാവർക്കും അവസരം നൽകും"- മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരങ്ങൾക്ക് പ്രതീക്ഷ നൽകി റാങ്നിക്ക്

Sreejith N
Manchester United v BSC Young Boys: Group F - UEFA Champions League
Manchester United v BSC Young Boys: Group F - UEFA Champions League / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

യങ് ബോയ്‌സിനെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം നേരത്തെ തന്നെ നോക്ക്ഔട്ട് ഉറപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് അപ്രധാനമായ ഒന്നായിരുന്നു. അതുകൊണ്ടു തന്നെ ആകെ അഴിച്ചുപണി നടത്തിയാണ് പരിശീലകനായ റാൾഫ് റാങ്നിക്ക് കഴിഞ്ഞ ദിവസം ടീമിനെ ഇറക്കിയത്. അവസരങ്ങൾ കിട്ടാതിരുന്ന താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ടീം സമനിലയെന്ന ഭേദപ്പെട്ട ഫലം മത്സരത്തിൽ ഉണ്ടാക്കുകയും ചെയ്‌തു.

പ്രതിഭയുണ്ടായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ വേണ്ടത്ര അവസരം ലഭിക്കാതിരിക്കുന്ന യുവതാരങ്ങളും അല്ലാത്തതുമായ നിരവധി പേർ മാഞ്ചസ്റ്റർ യുണൈറ്റഡിലുണ്ട്. ജെസ്സെ ലിംഗാർഡ്, ഡോണി വാൻ ബീക്ക്, ഡീൻ ഹെൻഡേഴ്‌സൺ, എറിക് ബെയ്‌ലി, അമദ് ദിയല്ലോ എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു. ഇവർക്കും മികച്ച പ്രകടനം നടത്താൻ കഴിവുള്ള യുവതാരങ്ങൾക്കും ഇനിയും അവസരങ്ങൾ ലഭിക്കുമെന്നാണ് ജർമൻ പരിശീലകൻ പറയുന്നത്.

"വരുന്ന ഏതാനും ആഴ്‌ചകളിലുള്ള ഒരുപാട് മത്സരങ്ങൾ കാരണം ഏതാനും താരങ്ങൾക്ക് വിശ്രമം നൽകുന്നത് ബുദ്ധിപരമാണ്. എല്ലാവർക്കും അവസരം ലഭിക്കുകയും തങ്ങളുടെ മികവ് അവതരിപ്പിക്കാൻ കഴിയുകയും ചെയ്യും. അതുകൊണ്ടാണ് 75000 വരുന്ന കാണികൾക്കു മുന്നിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ എന്നറിയാൻ ഏതാനും താരങ്ങൾക്ക് അവസരം നൽകുന്നത്."

"ഇതു താരങ്ങളെ കൃത്യമായി അറിയാനുള്ള വഴി കൂടിയാണ്, കഴിഞ്ഞ ഞായറാഴ്‌ച ക്രിസ്റ്റൽ പാലസിനെതിരെ ഞാൻ ചെയ്‌തതു പോലെ തന്നെ. ഞങ്ങൾക്കിതു വരെ ഒരാഴ്‌ചയോളം മാത്രമാണ് ട്രെയിനിങ്ങിനായി ലഭിച്ചിരിക്കുന്നത്." യങ് ബോയ്‌സിനെതിരെ നടന്ന മത്സരത്തിനു മുൻപ് റാങ്നിക്ക് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ ഡീൻ ഹെൻഡേഴ്‌സൺ, അമദ് ദിയല്ലോ, ആന്റണി എലങ്ങ എന്നീ യുവതാരങ്ങൾക്കാണ് റാങ്നിക്ക് ആദ്യ ഇലവനിൽ ഇടം നൽകിയിരിക്കുന്നത്. ഇതിനു പുറമെ ടെഡെൻ മേങ്ങി, ചാർളീ സാവേജ്, സിദാൻ ഇക്ബാൽ, ഷോല ഷോർട്ടിരേ എന്നിവർ പകരക്കാരായും കളത്തിലിറങ്ങിയിരുന്നു. രണ്ടു ടീമുകളും ഓരോ ഗോളടിച്ച മത്സരത്തിൽ ഗ്രീൻവുഡായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾസ്കോറർ.

facebooktwitterreddit