മാഞ്ചസ്റ്റർ യുണൈറ്റഡിൽ അസ്വാരസ്യമുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ സീനിയർ താരങ്ങളുമായി കൂടിക്കാഴ്ച നടത്തി റാങ്നിക്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്ക് ടീമിലെ സീനിയര്‍ താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റാങ്‌നിക്ക് സീനിയര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോള്‍ പോഗ്ബ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരുമായി നേരില്‍ കണ്ട് സംസാരിച്ചുവെന്നാണ് മെയിലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അടുത്തിടെയായി യുണൈറ്റഡിന്റെ ഡ്രസിങ് റൂമില്‍ അസ്വാരസ്യങ്ങളുണ്ടെന്ന വാര്‍ത്തക്ക് പിറകെയാണ് റാങ്‌നിക്കിന്റെ കൂടിക്കാഴ്ച. ഏതാനും ദിവസം മുന്‍പ് യുണൈറ്റഡിന്റെ ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തക്കെതിരേ ക്യാപ്റ്റന്‍ ഹാരി മഗ്വയറും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഫ്രഡും രംഗത്തെത്തിയിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻസിയുടെ പേരിൽ റൊണാൾഡോയും മഗ്വയറും തമ്മിൽ അധികാരത്തർക്കമുണ്ടെന്ന വാർത്ത റാങ്നിക്കും നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, യുണൈറ്റഡ് ഡ്രസിങ് റൂമിലെ സീനിയർ താരങ്ങളുമായി റാങ്നിക്ക് കൂടിക്കാഴ്ച നടത്തിയെന്ന റിപോർട്ടുകൾ പുറത്ത് വരുന്നത്. റാഷ്‌ഫോർഡുമായി കഴിഞ്ഞ ആഴ്ചയുടെ അവസാനം അദ്ദേഹം സംസാരിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത്തവണ പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ടീം അംഗങ്ങൾ തമ്മിലുള്ള ഐക്യം നിലനിറുത്തേണ്ടത് അനിവാര്യമാണ്. നിലവിൽ 25 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുമായി നാലാം സ്ഥാനത്താണ് ലീഗിൽ യുണൈറ്റഡ്. ലീഡ്സ് യുണൈറ്റഡിന് എതിരെയാണ് ചുവന്ന ചെകുത്താന്മാരുടെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.