Football in Malayalam

എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വിജയം നേടിക്കൊടുത്ത മക്ടോമിനോയ് ഭാവിയിൽ ടീമിന്റെ നായകനാകുമെന്ന് റാങ്നിക്ക്

Sreejith N
FBL-ENG-FA CUP-MAN UTD-ASTON VILLA
FBL-ENG-FA CUP-MAN UTD-ASTON VILLA / PAUL ELLIS/GettyImages
facebooktwitterreddit

ആസ്റ്റൺ വില്ലക്കെതിരെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടിക്കൊടുത്ത സ്‌കോട്ട് മക്‌ടോമിനായ്ക്ക് ടീമിന്റെ ഭാവി നായകനാകാൻ കഴിയുമെന്ന് പരിശീലകൻ റാൾഫ് റാങ്നിക്ക്. എട്ടാം മിനുട്ടിൽ സ്‌കോട്ടിഷ് താരം നേടിയ ഗോളിലാണ് ഓൾഡ് ട്രാഫോഡിൽ നടന്ന എഫ്എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്.

"മക്ടോമിനായ് ഒരു അക്കാദമി ബോയ് ആണ്, താരത്തിന്റെ ഊർജ്ജം വിസ്‌മയിപ്പിക്കുന്നതാണ്. ഇപ്പോൾ താരം ഗോളുകൾ നേടാനും ടീമിനെ നയിക്കാനുള്ള കഴിവുകൾ കാണിക്കാനും തുടങ്ങിയിരിക്കുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ താരം ടീമിന്റെ നായകനായാലും എനിക്കതിൽ അത്ഭുതമൊന്നും തോന്നില്ല." മത്സരത്തിനു ശേഷം ബിബിസിയോട് റാങ്നിക്ക് പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്‌തു.

മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ ആക്രമണങ്ങളെ തടഞ്ഞിട്ട ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയെയും റാങ്നിക്ക് പ്രശംസിച്ചു. "ഞങ്ങൾക്ക് ഈ ടീമിനെ ഒരു ക്ലീൻഷീറ്റ് ടീമായി മാറ്റണം. അത് മറ്റൊരു കാര്യമാണ്. എന്നെ സംബന്ധിച്ച് ഡി ഗിയ ഇന്നത്തെ മത്സരത്തിലും മികച്ച പ്രകടനമായിരുന്നു."

"താരം വളരെ കുറച്ച് സേവുകൾ നടത്തണമെന്നാണ് എന്റെ ആഗ്രഹം. ഇന്നത്തെ മത്സരത്തിൽ ഗോളിലേക്കുള്ള നാലോ അഞ്ചോ ഷോട്ടുകൾ ഞങ്ങൾ നേരിട്ടു. എന്നാൽ അതിൽ ഇനിയും ഞങ്ങൾക്ക് മെച്ചപ്പെടാൻ കഴിയും." റാങ്നിക്ക് വ്യക്തമാക്കി.

റൊണാൾഡോ ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയ മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ടു തവണ ആസ്റ്റൺ വില്ല വല കുലുക്കിയെങ്കിലും രണ്ടു ഗോളും നിഷേധിക്കപ്പെട്ടത് അവർക്ക് തിരിച്ചടിയായി. അതേസമയം സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ് ഈ വിജയം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit