Football in Malayalam

കഴിഞ്ഞ സീസണിൽ ചെൽസിയുടെ ഓഫർ തഴഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാങ്നിക്ക്

Sreejith N
FBL-GER-BUNDESLIGA-SCHALKE-LEIPZIG
FBL-GER-BUNDESLIGA-SCHALKE-LEIPZIG / SASCHA SCHUERMANN/GettyImages
facebooktwitterreddit

ഫ്രാങ്ക് ലംപാർഡിനെ പുറത്താക്കിയ ഒഴിവിലേക്ക് ഇന്ററിം മാനേജരാവാൻ ചെൽസി കഴിഞ്ഞ സീസണിനിടയിൽ തന്നെ സമീപിച്ചിരുന്നുവെന്നു വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയതു പോലെ ഒരു ദീർഘകാല ഓഫർ അവർ നൽകിയില്ല എന്നതിനാൽ ആ വാഗ്‌ദാനം താൻ നിരസിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒലെ ഗുണ്ണാർ സോൾഷെയർ പുറത്താക്കപ്പെട്ട ഒഴിവിലേക്ക് ഇന്ററിം പരിശീലകനായി എത്തിയ റാൽഫ് റാങ്നിക്ക് അടുത്ത മത്സരം മുതലാണ് ടീമിനെ പരിശീലിപ്പിക്കുക. ഈ സീസൺ അവസാനിക്കുന്നതു വരെ താൽക്കാലിക പരിശീലകന്റെ ചുമതലയുള്ള അദ്ദേഹത്തിന് അതിനു ശേഷം ടീമിന്റെ ഉപദേശകനായി പ്രവർത്തിക്കാമെന്ന സ്ഥാനവും മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയിട്ടുണ്ട്.

"കഴിഞ്ഞ വർഷം ചെൽസി എന്നെ ബന്ധപ്പെട്ട സമയത്ത് അവർ നാലു മാസത്തേക്ക് ഇന്ററിം പരിശീലകൻ ആവുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്, ദീർഘകാലത്തേക്ക് ടീമിനൊപ്പം തുടരാനുള്ള ഒരു പദ്ധതിയും അവർക്കില്ലായിരുന്നു. ഇപ്പോൾ ആറര മാസത്തോളമാണുള്ളത്, പ്രീമിയർ ലീഗിലെ മൂന്നിലൊന്നു മത്സരങ്ങൾ മാത്രമേ പൂർത്തിയായിട്ടുണ്ടാകൂ."

"ഈ ആറര മാസത്തിനു ശേഷം രണ്ടു വർഷം ഉപദേശകനായി തുടരാനുള്ള അവസരവും ഞങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അവസാനമായി, സത്യസന്ധമായി പറയുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലൊരു ക്ലബ് ഇത്തരമൊരു വാഗ്‌ദാനവുമായി വരുമ്പോൾ അത് തഴയാൻ നമുക്കൊരിക്കലും കഴിയില്ല." ഇന്നു നടന്ന പത്രസമ്മേളനത്തിൽ റാങ്നിക്ക് പറഞ്ഞു.

ഒന്നാം സ്ഥാനത്തുള്ള ചെൽസിയുമായി പന്ത്രണ്ടു പോയിന്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് റാൾഫ് റാങ്നിക്ക് ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു പ്രീമിയർ ലീഗിൽ കിരീടപ്രതീക്ഷ കുറവാണെങ്കിലും ടോപ് ഫോർ ആയിരിക്കും ടീം ലക്ഷ്യമിടുന്നത്.

facebooktwitterreddit