Football in Malayalam

എഫ്എ കപ്പിൽ നിന്നുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുറത്താവലിൽ വിഎആറിനെ വിമർശിച്ച് റാങ്നിക്ക്

Sreejith N
Manchester United v Middlesbrough: The Emirates FA Cup Fourth Round
Manchester United v Middlesbrough: The Emirates FA Cup Fourth Round / James Gill - Danehouse/GettyImages
facebooktwitterreddit

മിഡിൽസ്ബറോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് എഫ്എ കപ്പിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായതിനു പിന്നാലെ വിഎആറിനെതിരെ വിമർശനവുമായി പരിശീലകൻ റാൾഫ് റാങ്നിക്ക്. സാഞ്ചോ നേടിയ ഗോളിൽ മുന്നിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റ് ക്രൂക്ക്‌സ് നേടിയ ഗോളിൽ മിഡിൽസ്ബറോ സമനിലയിൽ പിടിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്.

എട്ടു പെനാൽറ്റി കിക്കുകൾ എടുത്ത ഷൂട്ടൗട്ടിൽ മറ്റെല്ലാവരും ലക്‌ഷ്യം കണ്ടപ്പോൾ ആന്തണി എലാങ്ക എടുത്ത പെനാൽറ്റി പുറത്തേയ്ക്കു പോയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധി എഴുതിയത്. അതേസമയം മിഡിൽസ്ബറോക്കായി ക്രൂക്ക്‌സ് നേടിയ ഗോളിനു വഴിയൊരുക്കിയ വാട്ട്മോറിന്റെ കയ്യിൽ പന്തു തട്ടിയിട്ടും വീഡിയോ റഫറി ഗോൾ അനുവദിച്ചതിനെയാണ് റാങ്നിക്ക് മത്സരത്തിനു ശേഷം ചോദ്യം ചെയ്‌തത്.

"എങ്ങിനെയാണത് നിലനിൽക്കുക എന്നു മനസിലാക്കാനാവാത്ത തരത്തിലുള്ള ഒരു ഗോളാണ് ഞങ്ങൾ വഴങ്ങിയത്. താരം അത് കൈ കൊണ്ടു നിയന്ത്രിച്ചിരുന്നു. അവർ ഗോൾ നേടിയ നിമിഷം മുതൽ വിഎആർ ആ ഗോൾ അനുവദിക്കാൻ പോകുന്നില്ലെന്നാണ് എല്ലാവർക്കും വ്യക്തമായിരുന്നത്." റാങ്നിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

മിഡിൽസ്ബറോ പരിശീലകനായ ക്രിസ് വൈൽഡറും ആ ഗോൾ നിഷേധിക്കപ്പെടും എന്നാണു കരുതിയതെന്ന് മത്സരത്തിനു ശേഷം പറഞ്ഞു. ഗോൾ കണ്ടതിനു ശേഷം ആദ്യം തനിക്കു തോന്നിയത് ആ ഗോൾ അനുവദിക്കില്ലെന്നാണെന്നും എന്നാൽ വീഡിയോ റഫറി അത് നിഷേധിക്കാതിരുന്നതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ റൊണാൾഡോ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതും പെനാൽറ്റിക്കു സമാനമായ മറ്റൊരു സുവർണാവസരം ബ്രൂണോ ഫെർണാണ്ടസ് നഷ്‌ടപ്പെടുത്തിയതുമെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധിയെഴുതിയെന്ന് റാങ്നിക്ക് പറഞ്ഞു. മത്സരം ആദ്യ പകുതിയിൽ അവസാനിപ്പിക്കാൻ അവസരം ഉണ്ടായിട്ടും അതിനു കഴിയാതെ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീട്ടിയതിൽ സ്വയം പഴിക്കുക മാത്രമേ നിവൃത്തിയുള്ളൂവെന്നും ജർമൻ പരിശീലകൻ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit