Manchester United

എവർട്ടനെതിരായ തോൽ‌വിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കെതിരെ വിമർശനവുമായി റാൾഫ് റാങ്നിക്ക്

Sreejith N
Rangnick Criticises Man Utd Players After Everton Defeat
Rangnick Criticises Man Utd Players After Everton Defeat / Clive Brunskill/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എവർട്ടനെതിരെ തോൽവി നേരിട്ടതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ വിമർശിച്ച് പരിശീലകൻ റാൾഫ് റാങ്നിക്ക്. മത്സരത്തിൽ എവർട്ടണിന്റെ ഗോൾ പിറന്നതിനു ശേഷം പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് പൊരുതാനുള്ള ഊർജ്ജം നഷ്‌ടമായിയെന്നാണ് റാങ്നിക്ക് കുറ്റപ്പെടുത്തി.

ഇരുപത്തിയേഴാം മിനുട്ടിലാണ് ആന്തണി ഗോർഡനിലൂടെ എവർട്ടൺ മത്സരത്തിൽ മുന്നിലെത്തുന്നത്. അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ വെറുതെ കളിക്കുകയായിരുന്നു എന്നും ഒരു ഗോൾ ആദ്യം വഴങ്ങുന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വഭാവം ഇങ്ങിനെ തന്നെയാണെന്നും മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ റാങ്നിക്ക് പറഞ്ഞു.

"എപ്പോഴൊക്കെ ഞങ്ങൾ ആദ്യത്തെ ഗോൾ നേടുന്നുവോ, അതിനു ശേഷം ഞങ്ങൾക്ക് ആത്മവിശ്വാസം വർധിച്ച് ആ മത്സരങ്ങളിൽ ഭൂരിഭാഗവും വിജയിച്ചിട്ടുണ്ട്. മുൻപും അങ്ങിനെ തന്നെയായിരുന്നു. എന്നാൽ ആദ്യത്തെ ഗോൾ വഴങ്ങുകയാണെങ്കിൽ ഞങ്ങളുടെ സ്വസ്ഥതയും മുന്നേറാനുള്ള പ്രവണതയും ആത്മവിശ്വാസവും കുറേശ്ശേ നഷ്‌ടമാകും."

"എന്നാൽ ബേൺലിക്കെതിരെ മൂന്നു ഗോളുകൾ വഴങ്ങിയ എവർട്ടനെതിരെ നിങ്ങൾ ഒരു ഗോൾ പോലും നേടിയില്ലെങ്കിൽ, എവർട്ടനോടുള്ള എല്ലാ ബഹുമാനവും വെച്ചു തന്നെ പറയട്ടെ, അവസാനം നിങ്ങൾക്ക് ഒന്നും തന്നെ പ്രതീക്ഷിക്കാൻ കഴിയില്ല." ജർമൻ പരിശീലകൻ മാധ്യമങ്ങളോട് തുറന്നടിച്ചു.

മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ക്ലബിന്റെ ടോപ് ഫോർ പ്രതീക്ഷകൾ ഏതാണ്ട് അസ്‌തമിച്ചതു പോലെയാണ്. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും റൊണാൾഡോ, വരാനെ, സാഞ്ചോ തുടങ്ങിയ കളിക്കാരെ സമ്മറിൽ ടീമിലെത്തിച്ചിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കില്ലെന്ന നാണക്കേടിന്റെ വക്കിലാണിപ്പോഴുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit