പോഗ്ബയുടെ തിരിച്ചു വരവും താരത്തിന്റെ ഏറ്റവും മികച്ച പൊസിഷനും വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ


നവംബർ മുതൽ പരിക്കേറ്റു പുറത്തിരിക്കുന്ന പോൾ പോഗ്ബ എഫ്എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കാനിറങ്ങാനുളള തയ്യാറെടുപ്പിലാണെന്നു വ്യക്തമാക്കി പരിശീലകൻ റാൾഫ് റാങ്നിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരത്തിന് ഏതു പൊസിഷനിലാണ് മികച്ച പ്രകടനം നടത്താൻ കഴിയുകയെന്ന കാര്യത്തിൽ തന്റെ അഭിപ്രായവും റാങ്നിക്ക് വെളിപ്പെടുത്തി.
നവംബർ രണ്ടിന് അറ്റലാന്റക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം പിന്നീട് പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കാനിറങ്ങിയിട്ടില്ല. അതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കി റാൾഫ് റാങ്നിക്കിനെ പരിശീലകനായി നിയമിച്ചത്. ജർമൻ പരിശീലകനു കീഴിൽ ഒരു മത്സരവും കളിക്കാൻ കഴിഞ്ഞിട്ടില്ലാത്ത പോഗ്ബ ഇപ്പോൾ മിഡിൽസ്ബറോക്കെതിരെയാണ് തിരിച്ചു വരാൻ ഒരുങ്ങുന്നത്.
Man Utd vs Middlesbrough: Pogba must show up – Rangnick https://t.co/DUOXYb7EhB
— Daily Post Nigeria (@DailyPostNGR) February 4, 2022
താരത്തിനെക്കൊണ്ട് ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കാൻ കഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റാങ്നിക്ക്. "അതെനിക്ക് അറിയില്ല. താരത്തെ സ്ക്വാഡിൽ തിരിച്ചു ലഭിച്ചതിൽ എനിക്കു വളരെ സന്തോഷമുണ്ട്. നാളെ നടക്കുന്ന മത്സരത്തിൽ തുടക്കം മുതൽ പോൾ പോഗ്ബ കളിച്ചേക്കാം." റാങ്നിക്ക് പറഞ്ഞു.
"പോഗ്ബയുടെ ഏറ്റവും മികച്ച പൊസിഷനായി ഞാൻ കരുതുന്നത് സെൻട്രൽ മിഡ്ഫീൽഡിൽ എട്ടാം നമ്പറോ പത്താം നമ്പറോ ആണ്. എന്നാൽ നിലവിൽ ഞങ്ങൾ കളിക്കുന്ന ശൈലിയിൽ എട്ടാം നമ്പർ ആയിരിക്കും താരത്തിനു ചേരുക. എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാം." റാങ്നിക്ക് വ്യക്തമാക്കി.
ഈ സീസണോടെ കരാർ അവസാനിക്കുന്ന പോഗ്ബ ക്ലബിൽ തുടരണോ, അതോ മറ്റെവിടേക്കെങ്കിലും ചേക്കേറണമോ എന്നു തീരുമാനിക്കേണ്ടത് താരം തന്നെയാണെന്നും റാങ്നിക്ക് പറഞ്ഞു. അതിൽ ക്ലബിന്റെ മാത്രം താൽപര്യമില്ല താരത്തിന്റെ ഇഷ്ടം എന്താണെന്നു കൂടി പ്രാധാന്യം അർഹിക്കുന്നുവെന്നും ജർമൻ പരിശീലകൻ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.