ചാമ്പ്യൻസ് ലീഗ് പ്രതീക്ഷയില്ല, ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു നേടാവുന്ന മികച്ച നേട്ടം ടോപ് ഫോറെന്ന് റാങ്നിക്ക്


ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു സ്വന്തമാക്കാൻ കഴിയുന്ന കഴിയുന്ന ഏറ്റവും മികച്ച നേട്ടം പ്രീമിയർ ലീഗിൽ ടോപ് ഫോർ ഉറപ്പിച്ച് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയാണെന്ന് പരിശീലകൻ റാൾഫ് റാങ്നിക്ക്. നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിൽ ബ്രൈറ്റണെ നേരിടാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് റാങ്നിക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തുകയും യൂറോപ്പ ലീഗിൽ റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ സ്ഥിരതയില്ലാതെയാണ് കളിക്കുന്നത്. പ്രീമിയർ ലീഗ് ടോപ് ഫോറിനായി കടുത്ത പോരാട്ടം നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളിൽ മൂന്നിലും ടീം സമനില വഴങ്ങിയ സാഹചര്യത്തിലാണ് റാങ്നിക്ക് ടോപ് ഫോർ ഉറപ്പിക്കേണ്ടതിനെപ്പറ്റി ഓർമിപ്പിച്ചത്.
?️ "I think this this is the the highest possible achievement we can get."
— Sky Sports News (@SkySportsNews) February 14, 2022
Ralf Rangnick says the full focus at Manchester United is on finishing fourth. pic.twitter.com/KTgJjDEu6Q
"നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമായത് അതു തന്നെയാണ്, ലീഗിൽ നാലാം സ്ഥാനത്ത് എത്തുകയെന്നത്. ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന നേട്ടമാണത്. ചാമ്പ്യൻ ലീഗിൽ മുന്നോട്ടു പോവുകയെന്നത് അത്രയെളുപ്പമല്ല. പക്ഷെ ലീഗിൽ നാലാം സ്ഥാനം നേടേണ്ടത് ആവശ്യമാണ്, അതാണു ഞങ്ങളുടെ ലക്ഷ്യവും."
"അടുത്ത സീസണിൽ എന്താണു വേണ്ടതെന്ന് എനിക്കറിയാം, എന്നാൽ അത് എല്ലാവരുമായും ചർച്ച ചെയ്യാനുള്ള സമയമല്ല. എന്റെ മുഴുവൻ ശ്രദ്ധയും നാളത്തെ മത്സരത്തിലാണ്. ഈ സീസണിൽ ഏറ്റവും മികച്ചതു നേടി അടുത്ത ഘട്ടത്തെക്കുറിച്ചും ഇനിയുള്ള വര്ഷങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നല്ലത്." റാങ്നിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
ഇരുപത്തിയഞ്ചു മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി വെസ്റ്റ് ഹാം നാലാം സ്ഥാനത്തു നിൽക്കുമ്പോൾ 24 മത്സരങ്ങളിൽ നിന്നും 40 പോയിന്റുമായി അഞ്ചാമതു നിൽക്കുന്ന യുണൈറ്റഡിന് അവരെ മറികടക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ 22 കളിയിൽ നിന്നും 39 പോയിന്റുള്ള ആഴ്സണൽ, 23 കളിയിൽ നിന്നും 37 പോയിന്റുള്ള വോൾവ്സ്, 22 മത്സരങ്ങളിൽ നിന്നും 36 പോയിന്റുള്ള ടോട്ടനം എന്നിവരെല്ലാം ടോപ് ഫോറിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.