"ഇത് അപമാനം, മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ ആറു വർഷം മുന്നിലാണ് ലിവർപൂൾ"- തോൽവിയോടു പ്രതികരിച്ച് റാങ്നിക്ക്


ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ചിരവൈരികളായ ലിവർപൂളിനോട് വഴങ്ങിയ കനത്ത തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് അപമാനമാണെന്ന് പരിശീലകൻ റാൾഫ് റാങ്നിക്ക്. സലായുടെ ഇരട്ടഗോളുകളുടെ പിൻബലത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടിയ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ ആറു വർഷം മുന്നിലാണ് നിൽക്കുന്നതെന്നും ജർമൻ പരിശീലകൻ അഭിപ്രായപ്പെട്ടു.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരവസരവും നൽകാതെയാണ് ലിവർപൂൾ ജയിച്ചു കയറിയത്. സലായുടെ ഇരട്ടഗോളുകളും ഡയസ്, മാനെ എന്നിവരുടെ ഗോളുകളും ലിവർപൂളിന്റെ ജയത്തിനു തിളക്കമേകി. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന രണ്ടു പ്രീമിയർ ലീഗ് മത്സരങ്ങളും വിജയിച്ച ലിവർപൂൾ ഒൻപതു ഗോളുകൾ ഈ മത്സരങ്ങളിൽ നേടിയെന്നത് റെഡ് ഡെവിൾസിന് വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്.
'It is embarrassing, it is disappointing, maybe even humiliating. We have to accept Liverpool are six years ahead of us now' – Ralf Rangnick reflects on a painful night for Manchester United at Anfield. By @JamieJackson___ https://t.co/gaI2oQjF7d
— Guardian sport (@guardian_sport) April 19, 2022
"ഇതു വിഷമിപ്പിക്കുന്നതും നിരാശയുണ്ടാക്കുന്നതും അതിനൊപ്പം അപമാനകരവുമാണ്. അവർ ഞങ്ങളെക്കാൾ ആറു വർഷം മുന്നിലാണെന്ന് അംഗീകരിച്ചേ തീരൂ. ക്ളോപ്പ് വന്നതിനു ശേഷം ക്ലബ്ബിനെ അവർ മാറ്റിയെടുത്തു. ടീമിനെ മാത്രമല്ല, ക്ലബിനെയും ഈ നഗരത്തെയും അവർ മറ്റൊരു തലത്തിലെത്തിച്ചു. ഇതാണ് അടുത്ത രണ്ടു ട്രാൻസ്ഫർ ജാലകങ്ങളിൽ ഞങ്ങൾക്കു സംഭവിക്കേണ്ടത്." മത്സരത്തിനു ശേഷം റാങ്നിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
ലിവർപൂളിനെപ്പോലെ മികച്ച വിങ്ങർമാരും ആക്രമണനിരയുമുള്ള ടീമിനെതിരെ മൂന്നു പ്രതിരോധതാരങ്ങളുമായി കളിക്കാനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം മത്സരത്തിന്റെ തുടക്കം മുതൽ പാളിയിരുന്നു. രണ്ടാം പകുതിയിൽ ഫിൽ ജോൺസിനെ പിൻവലിച്ച് സാഞ്ചോയെ റാങ്നിക്ക് ഇറക്കുകയും ചെയ്തു. എന്നാൽ തന്റെ ഫോർമേഷൻ ഒരു പ്രശ്നമായിരുന്നില്ലെന്നും കളിയുടെ തുടക്കത്തിൽ തന്നെ വഴങ്ങിയ ഗോളാണ് മത്സരം മാറ്റി മറിച്ചതെന്നും റാങ്നിക്ക് പറഞ്ഞു.
മത്സരത്തിൽ കനത്ത തോൽവി നേരിട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് ഫോർ മോഹങ്ങൾ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. ഇനി അഞ്ചു മത്സരങ്ങൾ മാത്രം കളിക്കാൻ ബാക്കി നിൽക്കെ ലീഗിൽ ആറാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ടോപ് ഫോർ നേടണമെങ്കിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്ന ടോട്ടനം, ആഴ്സണൽ ടീമുകളുടെ തോൽവിക്കു വേണ്ടി കാത്തിരിക്കേണ്ടി വരും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.