117ആം മിനുട്ടിൽ പകരക്കാരനായിറങ്ങി പെനാൽറ്റി തുലച്ച് ആരോൺ റാംസി, യൂറോപ്പ ലീഗ് കിരീടം ഐന്തരാഷ്ട് ഫ്രാങ്ക്ഫർട്ടിന്


മുൻ ആഴ്സണൽ, യുവന്റസ് താരം ആരോൺ റാംസി സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ വില്ലനായപ്പോൾ യൂറോപ്പ ലീഗ് കിരീടം നേടി ജർമൻ ക്ലബായ ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ട്. ഇന്നലെ നടന്ന ഫൈനൽ മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും സമനിലയിൽ പിരിഞ്ഞ് ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ റേഞ്ചേഴ്സിനായി പെനാൽറ്റി നഷ്ടമാക്കിയ ഒരേയൊരു താരം റാംസി ആയിരുന്നു. കിരീടം നേടിയതോടെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് ജർമൻ ക്ലബ് യോഗ്യത നേടുകയും ചെയ്തു.
മത്സരത്തിൽ ആദ്യം മുന്നിലെത്തിയതിനു ശേഷമാണ് റേഞ്ചേഴ്സ് തോൽവി നേരിട്ടത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം അൻപത്തിയേഴാം മിനുട്ടിൽ ജോ അറിബോ റേഞ്ചേഴ്സിനെ മുന്നിലെത്തിച്ചെങ്കിലും പന്ത്രണ്ടു മിനുട്ടിനകൾ തന്നെ റാഫേൽ സാന്റോസ് ബോറയിലൂടെ ഫ്രാങ്ക്ഫർട്ട് സമനിലഗോൾ നേടി. തുടർന്ന് മുഴുവൻ സമയത്തും അധികസമയത്തും മത്സരത്തിൽ ഗോളുകൾ നേടാൻ രണ്ടു ടീമുകൾക്കും കഴിഞ്ഞിരുന്നില്ല.
? UNDEFEATED CHAMPIONS ?#UELfinal pic.twitter.com/HPh0PN2dxZ
— #UELfinal (@EuropaLeague) May 18, 2022
മത്സരം ഷൂട്ടൗട്ടിലേക്ക് നീളാനുള്ള സാധ്യത കണ്ടപ്പോൾ റേഞ്ചേഴ്സ് പരിശീലകൻ 117ആം മിനുട്ടിൽ ഇറക്കിയ രണ്ടു താരങ്ങളിലൊരാൾ റാംസി ആയിരുന്നു. എന്നാൽ ഷൂട്ടൗട്ടിൽ വെയിൽസ് താരമെടുത്ത ടീമിന്റെ നാലാമത്തെ കിക്ക് ഫ്രാങ്ക്ഫർട്ട് കീപ്പർ തടുത്തിട്ടു. മറ്റെല്ലാ കിക്കുകളും രണ്ടു ടീമിലെ താരങ്ങളും ഗോളാക്കി മാറ്റിയപ്പോൾ വിജയം ജർമൻ ക്ലബ്ബിനെ തേടിയെത്തുകയായിരുന്നു.
ബാഴ്സലോണ അടക്കമുള്ള ടീമുകളെ കീഴടക്കി യൂറോപ്പ ലീഗ് ഫൈനലിൽ എത്തിയ ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ടും അവർക്ക് വമ്പൻ പിന്തുണ ഓരോ മത്സരത്തിലും നൽകിയ ആരാധകരും അർഹിച്ച വിജയം തന്നെയാണ് ജർമൻ ക്ലബ് നേടിയത്. അതേസമയം തോൽവിയിൽ വലിയ നിരാശയുണ്ടെന്നും ഇത്രയും വലിയൊരു മത്സരത്തിൽ കളിക്കേണ്ടി വന്നതിന്റെ പരിഭ്രമം ടീമിനെ ബാധിച്ചുവെന്നും റേഞ്ചേഴ്സ് താരം ലുണ്ട്സ്ട്രം മത്സരത്തിന് ശേഷം പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.