Football in Malayalam

പിഎസ്‌ജിയിൽ ആദ്യമായി ചുവപ്പുകാർഡ് വാങ്ങിയതിൽ പ്രതികരണവുമായി സെർജിയോ റാമോസ്

Sreejith N
Entente Feignies-Aulnoye v Paris Saint-Germain - French Cup
Entente Feignies-Aulnoye v Paris Saint-Germain - French Cup / John Berry/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം സെർജിയോ റാമോസിന്റെ ഫുട്ബോൾ ജീവിതം കുറച്ച് നിരാശപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനമുണ്ടായ പരിക്കിൽ നിന്നും മോചിതനാവാൻ വളരെ സമയമെടുത്ത് താരം വൈകിയാണ് പിഎസ്‌ജി അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴും ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമാകാൻ റാമോസിനു കഴിഞ്ഞിട്ടില്ല.

ലോറിയന്റിനെതിരായ കഴിഞ്ഞ മത്സരത്തിൽ കാര്യങ്ങൾ ഒന്നുകൂടി സങ്കീർണമാവുകയും ചെയ്‌തു. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരനായി ഇറങ്ങിയ താരം എൺപതാം മിനുട്ടിനു ശേഷം അടുപ്പിച്ച് രണ്ടു മഞ്ഞക്കാർഡുകൾ വാങ്ങി പുറത്തു പോവുകയായിരുന്നു. ഇതോടെ റാമോസിനെതിരെ വിമർശനങ്ങളും കളിയാക്കലുകളും സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്‌തു.

ആദ്യത്തെ മഞ്ഞക്കാർഡ് ഒരു മോശം ചലഞ്ചിനായിരുന്നു എങ്കിൽ രണ്ടാമത്തെ മഞ്ഞക്കാർഡ് ഒരു ഗോളിനു മുന്നിൽ നിന്നിരുന്ന ലോറിയൻറ് നടത്തിയ മുന്നേറ്റത്തിൽ ലാസ്റ്റ് മാനെ ഫൗൾ ചെയ്‌തതിനായിരുന്നു. എന്നാൽ തനിക്കു ലഭിച്ച ചുവപ്പുകാർഡിൽ നിരാശപ്പെടാതെ വരുന്ന ദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെടും എന്നാണു റാമോസ് അതിനോട് പ്രതികരിച്ചത്.

"ഇന്നത്തെ ദിവസം പലതും മനസിലാക്കാൻ ഉള്ളതാണ്, നാളെയെന്നത് കൂടുതൽ മെച്ചപ്പെടാനുള്ള ദിവസവുമാണ്. എല്ലായിപ്പോഴും മുന്നോട്ട്." ചുവപ്പുകാർഡ് വാങ്ങി പുറത്തായ മത്സരത്തിനു ശേഷം ട്വിറ്ററിൽ മുൻ റയൽ മാഡ്രിഡ് നായകൻ കുറിച്ചു.

ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടി ലീഗിൽ 130 മിനുട്ടും ഫ്രഞ്ച് കോപ്പ മത്സരത്തിൽ 45 മിനുട്ടും മാത്രം കളിച്ചപ്പോഴേക്കുമാണ് സെർജിയോ റാമോസിനു ചുവപ്പുകാർഡ് ലഭിച്ചത്. ചുവപ്പു കാർഡ് വാങ്ങുന്നതിന്റെ പേരിൽ കൂടി ശ്രദ്ധേയനായ താരത്തിന് കരിയറിൽ ലഭിച്ച ഇരുപത്തിയേഴാമത്തെ റെഡ് കാർഡായിരുന്നു അത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit