La Liga

മെസി കാരണം ബുദ്ധിമുട്ടി, അർജന്റീനിയൻ താരമില്ലായിരുന്നെങ്കിൽ റയൽ കൂടുതൽ കിരീടങ്ങൾ നേടുമായിരുന്നുവെന്ന് റാമോസ്

Sreejith N
Apr 8, 2021, 1:45 PM GMT+5:30
Real Madrid CF v FC Barcelona  - La Liga
Real Madrid CF v FC Barcelona - La Liga | Quality Sport Images/Getty Images
facebooktwitterreddit

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസി പ്രൊഫെഷണൽ കരിയറിൽ ഇതുവരെ കളിച്ചിട്ടുള്ള ക്ലബ് ബാഴ്‌സലോണ മാത്രമാണ്. തന്റെ അസാമാന്യ പ്രതിഭ കളിക്കളത്തിൽ സ്ഥിരമായി പ്രകടിപ്പിക്കുന്ന താരം ബാഴ്‌സലോണക്ക് വേണ്ടി ഒട്ടനവധി കിരീടങ്ങൾ സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിച്ച് വളരെ വർഷങ്ങളായി ടീമിന്റെ നെടുന്തൂണായി തുടരുകയാണ്.

മെസി കാരണമാണ് ബാഴ്‌സലോണ ഇത്രയധികം നേട്ടങ്ങൾ സ്വന്തമാക്കിയതെന്ന കാര്യത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡിന്റെ നായകനായ സെർജിയോ റാമോസിനും സംശയമൊന്നുമില്ല. മെസി ബാഴ്‌സലോണയിൽ കളിച്ചില്ലായിരുന്നുവെങ്കിൽ ഇതിലുമധികം വിജയങ്ങൾ റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ കഴിയുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം റാമോസ് തുറന്നു സമ്മതിച്ചു.

"ഇക്കഴിഞ്ഞ വർഷങ്ങളിൽ മെസി ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ബാഴ്‌സലോണക്ക് മെസിയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങൾ ഇതിലുമേറെ കിരീടങ്ങൾ സ്വന്തമാക്കുമായിരുന്നു." ദി ലെജൻഡ് ഓഫ് സെർജിയോ റാമോസ് എന്ന ഡോക്യൂമെന്ററി സീരീസിൽ റയൽ മാഡ്രിഡ് നായകൻ പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.

"ഞങ്ങൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാഴ്‌സലോണയെ തന്നെ നേരിട്ട ഒരു സമയമുണ്ടായിരുന്നു. ജോസെ മൗറീന്യോയെ പോലെ ഒരു വമ്പൻ പരിശീലകനുണ്ടായിട്ടും അവരെ തോൽപ്പിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അവർ കാരണമോ ഞങ്ങൾക്കിടയിലെ കാരണങ്ങൾ കൊണ്ടോ കൂടുതൽ വിജയങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല." റാമോസ് പറഞ്ഞു.

അടുത്ത ലാ ലിഗ മത്സരത്തിൽ റയലും ബാഴ്‌സയും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ പോയിന്റ് ടേബിളിൽ അടുത്തടുത്ത് നിൽക്കുന്ന ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിൽ തകർത്തതിന്റെ ആത്മവിശ്വാസവുമായി റയൽ മത്സരത്തിനിറങ്ങുമ്പോൾ കഴിഞ്ഞ കളിയിൽ റയൽ വല്ലഡോളിഡിനെതിരെ കഷ്ടപ്പെട്ടാണ് ബാഴ്‌സ ജയം നേടിയതെന്നത് ആരാധകർക്ക് ആശങ്കയാണ്.

facebooktwitterreddit