ബാലൺ ഡി ഓർ നേടാൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിനോട് സഹായമഭ്യർത്ഥിച്ച് റാമോസ്, സംഭാഷണങ്ങൾ പുറത്ത്


ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ നേടാൻ സ്പാനിഷ് ഫുട്ബോൾ പ്രസിഡന്റായ ലൂയിസ് റുബിയാലസിനോട് സഹായം അഭ്യർത്ഥിച്ച് മുൻ റയൽ മാഡ്രിഡ് നായകനും നിലവിൽ പിഎസ്ജി താരവുമായ സെർജിയോ റാമോസ്. ഇതു സംബന്ധിച്ച് രണ്ടു പേരും നടത്തിയ വാട്ട്സ്ആപ്പ് സംഭാഷണങ്ങൾ എൽ കോൺഫിഡൻഷ്യൽ ആണ് പുറത്തു വിട്ടത്.
കരിയറിൽ അതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് സെർജിയോ റാമോസെങ്കിലും ഇതുവരെയും ബാലൺ ഡി ഓർ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 2018ൽ തനിക്ക് പുരസ്കാരം സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യതയുണ്ടെന്നു കരുതിയിരുന്ന സമയത്ത് റാമോസും റൂബിയാലസും നടത്തിയ സംഭാഷണങ്ങളാണ് എൽ കോൺഫിഡൻഷ്യൽ വെളിപ്പെടുത്തിയത്.
പുറത്തു വന്ന സംഭാഷണങ്ങളിലെ വിവരങ്ങൾ പ്രകാരം തന്റെ പ്രകടനത്തിന്റെ തലങ്ങൾ പരിശോധിക്കുമ്പോൾ ഇതൊരു പ്രധാനപ്പെട്ട വർഷമാണെന്നും യുവേഫ, ബാലൺ ഡി ഓർ എന്നീ കമ്മിറ്റികളിൽ റൂബിയാലസിനുള്ള ബന്ധങ്ങൾ തനിക്കു വേണ്ടി ഉപയോഗിക്കണമെന്ന് റാമോസ് ആവശ്യപ്പെടുന്നുണ്ട്. അതു നേടാൻ കഴിഞ്ഞാൽ എന്നും കടപ്പാട് ഉണ്ടാകുമെന്നും സ്പാനിഷ് ഫുട്ബോൾ അതർഹിക്കുന്നുവെന്നും സെർജിയോ റാമോസ് പറയുന്നു.
ഇതിനു മറുപടിയായി സെർജിയോ റാമോസിനെ സഹായിക്കാം എന്ന് റൂബിയാലസ് പറയുന്നുണ്ടെങ്കിലും തനിക്ക് ഇത്തരം കാര്യങ്ങളിൽ പരിമിതമായ അധികാരം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പ്രകടനത്തിന് ആശംസകൾ നേർന്ന റൂബിയാലസിനോട് ഒരിക്കൽ കൂടി റാമോസ് എല്ലാ വിധ സഹായവും അഭ്യർത്ഥിച്ചുവെന്നും സന്ദേശങ്ങൾ വെളിപ്പെടുത്തുന്നു.
ഇതാദ്യമായല്ല എൽ കോൺഫിഡെഷ്യൽ സ്പാനിഷ് ഫുട്ബാൾ പ്രസിഡന്റും സ്പെയിനിലെ പ്രധാന ക്ലബുകളിലെ താരങ്ങളും തമ്മിലുള്ള സംഭാഷണങ്ങൾ പുറത്തു കൊണ്ടു വരുന്നത്. ഇതിനു മുൻപ് ബാഴ്സലോണ താരം ജെറാർഡ് പിക്വയുടെ കമ്പനി സ്പാനിഷ് സൂപ്പർകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കാൻ പണം കമ്മീഷനായി വാങ്ങിയതിന്റെ സംഭാഷണങ്ങളും ഇവർ പുറത്തു വിട്ടിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.