റയൽ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്‌മറും റാമോസും കളിക്കുന്നത് സംശയത്തിൽ


റയൽ മാഡ്രിഡിനെതിരെ ഫെബ്രുവരി പതിനഞ്ചിനു രാത്രി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സെർജിയോ റാമോസും നെയ്‌മറും കളിക്കുന്ന കാര്യം സംശയത്തിൽ തുടരുന്നു. പിഎസ്‌ജിയുടെ മെഡിക്കൽ ടീമിന്റെ റിപ്പോർട്ടും പരിശീലകൻ പോച്ചട്ടിനോ പറഞ്ഞതും വെച്ച് രണ്ടു താരങ്ങളും മത്സരത്തിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.
മുൻ റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസിനാണ് മത്സരം നഷ്‌ടപ്പെടാൻ ഏറ്റവുമധികം സാധ്യതയുള്ളത്. റാമോസ് ഈയാഴ്‌ചയുടെ മധ്യത്തിൽ പരിശീലനത്തിന് ഇറങ്ങുമെങ്കിലും പൂർണമായും ട്രെയിനിങ് പുനരാരംഭിക്കാൻ താരത്തിന് കഴിയില്ലെന്ന് പിഎസ്‌ജിയുടെ മെഡിക്കൽ ടീമിന്റെ പ്രസ്‌താവന വ്യക്തമാക്കുന്നു. പന്തുമായുള്ള പരിശീലനം ആരംഭിക്കാൻ താരം വൈകുമെന്നതാണ് റാമോസ് മത്സരത്തിന് ഉണ്ടാകാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നത്.
Ramos and Neymar are questionable for the Real Madrid game
— Managing Madrid (@managingmadrid) February 5, 2022
The PSG stars are still recovering from their respective injuries https://t.co/gJ0eic99LB
പിഎസ്‌ജിയിൽ എത്തിയതിനു ശേഷം പരിക്കിന്റെ പിടിയിൽ തന്നെയായിരുന്നു റാമോസ് നവംബറിലാണ് ടീമിനായി അരങ്ങേറ്റം നടത്തുന്നത്. അതിനു ശേഷം വീണ്ടും പരിക്കേറ്റ താരം തിരിച്ചു വന്ന് ലോറിയന്റിനെതിരെ പിഎസ്‌ജി ജേഴ്‌സിയിൽ ആദ്യ ഗോളും കുറിച്ചു. റീംസിനെതിരെ നടന്ന മത്സരത്തിൽ തൊണ്ണൂറു മിനുട്ടും കളിച്ച റാമോസ് ഇന്റർനാഷണൽ ബ്രെക്കിന്റെ സമയത്താണ് വീണ്ടും പരിക്കേറ്റ് പുറത്താവുന്നത്.
അതേസമയം നെയ്‌മർ കളിക്കുമോയെന്ന കാര്യം റയലുമായുള്ള മത്സരത്തിന് മുൻപേ വിശകലനം ചെയ്‌തു തീരുമാനിക്കാനേ കഴിയൂ എന്നാണു പരിശീലകൻ പോച്ചട്ടിനോ കഴിഞ്ഞ ദിവസം പറഞ്ഞത്. വെറും പത്തു ദിവസം മാത്രം മത്സരത്തിനായി ബാക്കി നിൽക്കെ ഈയാഴ്‌ച താരം കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തത ലഭിക്കാൻ നിർണായകമാകുമെന്നും അർജന്റീനിയൻ പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞു.
റയലിനെതിരെ ഇറങ്ങുമ്പോൾ പിഎസ്‌ജിക്ക് ആത്മവിശ്വാസം നൽകുന്ന യാതൊരു ഘടകവും ഇല്ലെന്നതാണ് ആരാധകർക്ക് ആശങ്ക പകരുന്നത്. നീസിനെതിരെ തോറ്റ് ഫ്രഞ്ച് കപ്പിൽ നിന്നും പുറത്തായ പിഎസ്‌ജി ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ ലില്ലെയെ നേരിടാൻ ഒരുങ്ങുകയാണ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയോടു തോറ്റ് കോപ്പ ഡെൽ റേയിൽ നിന്നും പുറത്തായ റയൽ മാഡ്രിഡിനും തങ്ങളുടെ മികവ് തെളിയിക്കേണ്ടത് അനിവാര്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.