മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരാകുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിച്ച് സൗത്താംപ്ടൺ പരിശീലകൻ


ഈ സീസണു ശേഷം റാൾഫ് റാങ്നിക്കിനു പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള അവസരം ലഭിച്ചാലും അത് വേണ്ടെന്നു വെച്ചേക്കുമെന്ന സൂചനകൾ നൽകി പ്രീമിയർ ലീഗ് ക്ലബായ സൗത്താംപ്ടണിന്റെ പരിശീലകനായ റാൾഫ് ഹസൻഹുട്ടൽ. സൗത്താംപ്ടൺ വിടാനുള്ള സാഹചര്യം തനിക്കില്ലെന്നും ക്ലബിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നതിൽ താൻ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പരിശീലകനായ റാങ്നിക്ക് ഈ സീസണു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉപദേശകസ്ഥാനത്തേക്കു മാറി പുതിയ പരിശീലകൻ ടീമിലേക്ക് എത്തുമെന്ന കാര്യം ഏറെക്കുറെ വ്യക്തമാണ്. നിരവധി പരിശീലകരുടെ പേരുകൾ അതിനു പകരം പറഞ്ഞു കേൾക്കുന്നതിൽ ഒരാളയി മുൻ ആർബി ലീപ്സിഗ് മാനേജരായ ഹസൻഹുട്ടലുമുണ്ട്.
Ralph Hasenhuttl plays down possibility of becoming next Manchester United manager #mufc https://t.co/kadozvWxqk pic.twitter.com/08J3jvYbaL
— Man United News (@ManUtdMEN) March 10, 2022
"ഈ ചോദ്യം എന്റെ മനസിലേക്ക് വരുമ്പോൾ ഞാനെന്റെ മനസിന്റെ വിളി കേൾക്കും. എന്നിട്ട് 'ഇത് നല്ലതിനു വേണ്ടിയാണോ' എന്നു ചോദിക്കും. ഇതിനു മുൻപ് ഞാനെടുത്ത തീരുമാനങ്ങളിൽ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഇവിടെ നിന്നും ഞാൻ പോകുമെന്ന് കരുതാൻ കഴിയുന്ന ഒരുപാട് സാഹചര്യങ്ങളൊന്നും ഇപ്പോഴില്ല."
"ഒരു മാനേജർ എന്ന നിലയിലുള്ള എല്ലാം എനിക്കിവിടെയുണ്ട്. വളരെ മികച്ചൊരു ടീമിനെ എനിക്ക് ലഭിച്ചിട്ടുണ്ട്, ക്ലബിനൊപ്പം നല്ലൊരു അന്തരീക്ഷമുണ്ട്, എല്ലാവരും എനിക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. ഇതെല്ലാം ഒരുമിച്ചു വരികയും അത് നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ഒരു മാനേജർ എന്ന നിലയിൽ ഏറ്റവും മികച്ച കാര്യം."
"ഇവിടം എനിക്കും എന്റെ ഭാര്യക്കും വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്. ഇവിടെയുള്ള ആളുകളെയും ഇഷ്ടമായി, വളരെ സൗഹൃദം നൽകുന്ന നല്ലയാളുകളാണവർ. ഞങ്ങളുടെ പ്രകടനം മോശമായാലും ഞാൻ പോകുന്ന ഇടങ്ങളിലെല്ലാം അവർ മനോഹരമായാണ് ഇടപെടുന്നത്. ഇതിലും മികച്ചൊരു ജോലിയെക്കുറിച്ച് എനിക്ക് ആലോചിക്കാൻ കഴിയില്ല." ഹസൻഹുട്ടൽ പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.