Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ പോഗ്ബയോട് ആവശ്യപ്പെടില്ല, ഉറച്ച തീരുമാനവുമായി റാൾഫ് റാങ്നിക്ക്

Sreejith N
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Michael Regan/GettyImages
facebooktwitterreddit

ഈ സീസൺ പൂർത്തിയാകുന്നതോടെ കരാർ അവസാനിക്കുന്ന പോൾ പോഗ്ബയെ ക്ലബിനൊപ്പം നിലനിർത്താൻ വേണ്ടി സമ്മർദ്ദം ചെലുത്തില്ലെന്നു വ്യക്തമാക്കി പരിശീലകൻ റാൾഫ് റാങ്നിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയൊരു വലിയ ക്ലബിൽ കളിക്കുന്ന താരത്തെ അത്തരത്തിൽ സമ്മർദ്ദം ചെലുത്തി നിലനിർത്തേണ്ട ആവശ്യമില്ലെന്നാണ് റാങ്നിക്ക് പറയുന്നത്.

"പോഗ്ബ നിലനിർത്തേണ്ടതില്ലാത്ത താരമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷെ താരങ്ങൾക്ക് ഇവിടെ തുടരാനും ക്ലബിനു വേണ്ടി കളിക്കാനും ആഗ്രഹം ഉണ്ടായിരിക്കണം," നോർവിച്ച് സിറ്റിയുമായി ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ ജർമൻ പരിശീലകൻ പറഞ്ഞു.

"മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയൊരു ക്ലബിൽ കളിക്കണം എന്നൊരു താരത്തിന് ആഗ്രഹമില്ലെങ്കിൽ അവരെ ഇവിടെ നിർത്താൻ വേണ്ടി ബോധ്യപ്പെടുത്തുന്നതിൽ കാര്യമില്ലെന്നാണ് ഞാൻ കരുതുന്നത്. ഇതു മികച്ച ആരാധകപിന്തുണയുള്ള വലിയ ക്ലബാണ്. ഒരു താരത്തെ നിലനിർത്താൻ ക്ലബിലെ ആരും ശ്രമിക്കേണ്ട കാര്യമില്ലെന്നാണ് ഞാൻ കരുതുന്നത്," അദ്ദേഹം പറഞ്ഞു.

നിലവിൽ പരിക്കു മൂലം കളത്തിനു വെളിയിലിരിക്കുന്ന പോഗ്ബയെ സംബന്ധിച്ച് റാങ്നിക്കിന്റെ വാക്കുകൾ ഒരു മുന്നറിയിപ്പു കൂടിയാണ്. പോഗ്ബ അടുത്ത സീസണിൽ ക്ലബിൽ ഉണ്ടാവില്ലെന്നാണെങ്കിൽ ഈ സീസണിൽ താരത്തിനു ടീമിൽ കൂടുതൽ അവസരങ്ങൾ നൽകാനും റാങ്നിക്ക് തയ്യാറായേക്കില്ല.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ കൂടിയാണ് ഇതോടെ വർധിച്ചിരിക്കുന്നത്. താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡും പിഎസ്‌ജിയുമാണ് പ്രധാനമായും ശ്രമം നടത്തുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit