Football in Malayalam

ആര്‍.ബി ലെപ്‌സിഗ് താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി റാങ്‌നിക്ക്

Haroon Rasheed
RB Leipzig v Borussia Dortmund - Bundesliga
RB Leipzig v Borussia Dortmund - Bundesliga / Stuart Franklin/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി സ്ഥാനമേറ്റ റാല്‍ഫ് റാങ്‌നിക്ക് പുതിയ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ആര്‍.ബി ലെപ്‌സിഗിന്റെ മിഡ്ഫീല്‍ഡറായ അമൊദു ഹൈദറയേയാണ് റാങ്നിക് ലക്ഷ്യമിടുന്നത്. യുണൈറ്റഡിനെ പ്രസ്സിങ് ശൈലിയിലേക്ക് മാറ്റുന്നതിന് വേണ്ടിയാണ് ലെപ്‌സിഗ് താരത്തെ ടീമിലെത്തിക്കാന്‍ അദ്ദേഹം ശ്രമം നടത്തുന്നതെന്ന് ദി ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ റാങ്‌നിക്കിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ ഹൈദറ. ലെപ്‌സിഗിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് 33 മില്യന്‍ യൂറോക്കായിരുന്നു ഹൈദറയെ റാങ്‌നിക്ക് ടീമിലെത്തിച്ചത്. മാലി സ്വദേശിയായ 23 കാരനായ ഹൈദറ ലെപ്‌സിഗിന് വേണ്ടി 100 മത്സരങ്ങളും രാജ്യത്തിന് വേണ്ടി 24 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയായിരുന്നു റാങ്‌നിക്കിനെ പരിശീലകനായി നിയമിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചത്. പ്രീമിയര്‍ ലീഗിലെ മോശം ഫോം മൂലം ക്ലബ് പുറത്താക്കിയ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറിന് പകരക്കാരനായാണ് ജർമൻ പരിശീലകൻ നിയമിതനായത്. സോൾഷ്യറെ പുറത്താക്കിയതിന് പിന്നാലെ താത്കാലിക പരിശീലക ചുമതല ലഭിച്ച കാരിക്കിന് കീഴില്‍ ചാംപ്യന്‍സ് ലീഗില്‍ ഒരു ജയവും പ്രീമിയര്‍ ലീഗില്‍ ഒരു സമയനിലയും നേടാന്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു റാങ്‌നിക്കിന്റെ നിയമനം.

സീസണ്‍ അവസാനം വരെയാണ് റാങ്‌നിക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിയമിച്ചിട്ടുള്ളത്. അതിന് ശേഷം രണ്ട് വര്‍ഷം കണ്‍സല്‍ട്ടന്‍സി റോളില്‍ അദ്ദേഹം യുണൈറ്റഡില്‍ തുടരും. റഷ്യന്‍ ക്ലബായ ലോകോമോട്ടീവ് മോസ്‌കോയുടെ സ്‌പോര്‍ട്ടിങ് ആന്‍ഡ് ഡെവലപ്‌മെന്റ് തലവന്‍ സ്ഥാനം രാജിവെച്ചാണ് റാങ്‌നിക്ക് യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിട്ടുള്ളത്. യുണൈറ്റഡിനെ ലീഗില്‍ മികച്ച നിലയിലെത്തിക്കുക എന്ന വെല്ലുവിളിയാണ് റാങ്‌നിക്കിന് മുന്നിലുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit