Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത റാങ്നിക്കിന്റെ ആദ്യ ലക്ഷ്യം ചെൽസി താരം

Sreejith N
FBL-GER-BUNDESLIGA-LEIPZIG-HOFFENHEIM
FBL-GER-BUNDESLIGA-LEIPZIG-HOFFENHEIM / RONNY HARTMANN/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയതിനു പകരമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്ററിം പരിശീലകനായി ചുമതല ഏറ്റെടുത്ത റാൾഫ് റാങ്നിക്ക് ലക്ഷ്യമിടുന്ന താരങ്ങളിൽ ചെൽസി സ്‌ട്രൈക്കറായ ടിമോ വെർണറും. മുൻപ് ലെപ്‌സിഗിൽ റാങ്നിക്ക് പരിശീലിപ്പിച്ചിട്ടുള്ള ജർമൻ താരമുൾപ്പെടെ നാലു കളിക്കാരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പുതുക്കിപ്പണിയാൻ റാങ്നിക്ക് ആവശ്യപ്പെടുന്നത്.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നൂറു മില്യൺ യൂറോയുടെ ട്രാൻസ്‌ഫർ ബഡ്‌ജറ്റ്‌ റാങ്നിക്കിന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം അനുവദിച്ചിട്ടുണ്ടെന്ന് ജർമനിയിൽ നിന്നുമുള്ള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഇംഗ്ലീഷ് മാധ്യമമായ ദി മിററാണ് പുറത്തു വിട്ടത്. ഈ തുക വെച്ച് ഒന്നിലധികം താരങ്ങളെ ജനുവരിയിൽ സ്വന്തമാക്കാനാണ് റാങ്നിക്ക് ഒരുങ്ങുന്നത്.

ലുക്കാക്കു കൂടിയെത്തിയതോടെ ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞ വെർണറെ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. എന്നാൽ അമ്പതു മില്യൺ യൂറോയിലധികം മുടക്കി ചെൽസി സ്വന്തമാക്കിയ താരത്തിന് നല്ലൊരു ട്രാൻസ്‌ഫർ ഫീസ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകേണ്ടി വരും. ഇതിനു പുറമെ സുദൃഢമായ, മികച്ച ഫോമിൽ കളിച്ച് ഈ സീസണിൽ എല്ലാ കിരീടങ്ങളും നേടാൻ സാധ്യതയുള്ള ചെൽസി വിട്ട് വെർണർ വരാനുള്ള സാധ്യതയും കുറവാണ്.

എന്നാൽ റാങ്നിക്കുമായി വെർണർക്കുള്ള ബന്ധം മുതലെടുത്ത് താരത്തെ ടീമിലെത്തിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ജർമൻ പരിശീലകനു കീഴിൽ വെർണർ ലെപ്‌സിഗിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നതും യുണൈറ്റഡിന്റെ മോഹങ്ങൾക്ക് ചിറകു നൽകുന്നു. ഇതിനു പുറമെ ലെപ്‌സിഗിലെ തന്നെ അമദൂ ഹൈദരാ, ക്രിസ്റ്റഫർ എൻകുങ്കു എന്നിവരും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുണ്ട്.

റാങ്നിക്ക് ടീമിലെത്തിക്കാൻ ശ്രമിക്കുന്ന നാലാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ താരം ബൊറൂസിയ ഡോർട്മുണ്ടിന്റെ എർലിങ് ബ്രൂട് ഹാലാൻഡാണ്. എന്നാൽ ജനുവരിയിൽ താരത്തിനായി ഒരു നീക്കവും ഇംഗ്ലീഷ് ക്ലബ് നടത്താനിടയില്ല. അടുത്ത സമ്മറിൽ ഹാലാൻഡിന്റെ റിലീസ് ക്‌ളോസ്‌ നിലവിൽ വരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ അപ്പോൾ താരത്തെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നത്.


facebooktwitterreddit