Football in Malayalam

"ഡി ഗിയയാണ് മത്സരം വിജയിപ്പിച്ചത്"- മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ പ്രകടനത്തെ വിമർശിച്ച് റാങ്നിക്ക്

Sreejith N
Manchester United v Crystal Palace - Premier League
Manchester United v Crystal Palace - Premier League / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

നോർവിച്ച് സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയെങ്കിലും ടീമിലെ താരങ്ങളുടെ പ്രകടനത്തിൽ തൃപ്‌തനാവാതെ പരിശീലകൻ റാൾഫ് റാങ്നിക്ക്. തന്റെ കളിക്കാർ, പ്രത്യേകിച്ചും മുന്നേറ്റനിരയിലെ താരങ്ങൾ ഈ മത്സരത്തിൽ മേധാവിത്വം പുലർത്താനുള്ള തീവ്രത കളിക്കളത്തിൽ കാണിച്ചില്ലെന്നും ഗോൾകീപ്പർ ഡി ഗിയയാണ് മത്സരം ടീമിന് അനുകൂലമാക്കിയതെന്നും റാങ്നിക്ക് പറഞ്ഞു.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ നേടിയ ഒരേയൊരു ഗോളിലാണ് നോർവിച്ച് സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ സധൈര്യം നേരിട്ട നോർവിച്ച് പല തവണ ഗോളിനടുത്തെത്തിയിരുന്നു എങ്കിലും ഡി ഗിയയുടെ മികച്ച പ്രകടനമാണ് റെഡ് ഡെവിൾസിനെ രക്ഷിച്ചത്.

"നോർവിച്ച് പോയിന്റ് ടേബിളിൽ താഴെക്കിടയിലുള്ള ഒരു ടീമിനെപ്പോലെയല്ല കളിച്ചതെന്ന് ഞാൻ ഡീൻ സ്‌മിത്തിനോട് പറഞ്ഞിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾക്ക് മെച്ചപ്പെട്ട ശരീരഭാഷ ഉണ്ടായിരുന്നെങ്കിലും അവർക്ക് ഞങ്ങൾ അവസരങ്ങൾ നൽകി. ഡി ഗിയയാണ് ശരിക്കും മത്സരം വിജയിപ്പിച്ചത്."

"ശരീരഭാഷയും തീവ്രതയും, ആക്രമണോത്സുകതയുമെല്ലാം മുന്നേറ്റ നിരയിലെ താരങ്ങൾക്ക്- സ്ട്രൈക്കേഴ്‌സിനെക്കുറിച്ച് മാത്രമല്ല ഞാൻ പറയുന്നത്, രണ്ടു നമ്പർ 10 കളിക്കാരെക്കൂടിയാണ്- കുറവായിരുന്നു. ക്രിസ്റ്റൽ പാലസിനെതിരെ കളിച്ച അതെ തീവ്രത ഞങ്ങൾക്ക് പുലർത്താനായില്ല. അതുപക്ഷേ നോർവിച്ച് കളിച്ച രീതിയുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു." റാങ്നിക്ക് പറഞ്ഞു.

മത്സരത്തിൽ ശ്വാസതടസം നേരിട്ട് പിൻവലിക്കപ്പെട്ട സ്വീഡിഷ് പ്രതിരോധതാരം വിക്ടർ ലിൻഡ്‌ലോഫിനെക്കുറിച്ചും സ്ഥിതിയെക്കുറിച്ചും റാങ്നിക്ക് പറഞ്ഞു. താരത്തിനു വേണ്ട പരിശോധനകൾ നടത്തിയെന്നും കൂടുതൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നുമാണ് റാങ്നിക്ക് പറയുന്നത്. അടുത്ത മത്സരത്തിൽ തന്നെ ലിൻഡ്‌ലോഫ് ഇറങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit