Football in Malayalam

യർഗൻ ക്ളോപ്പിന്റെ ശൈലിക്ക് സമാനമാണ് തന്റേതുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്

Sreejith N
Bayern Munich press conference
Bayern Munich press conference / Anadolu Agency/GettyImages
facebooktwitterreddit

ലിവർപൂൾ മാനേജരായ യർഗൻ ക്ളോപ്പിന്റെ ശൈലിക്ക് സമാനമാണ് തന്റെ ഫുട്ബോൾ ശൈലിയുമെന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ റാൾഫ് റാങ്നിക്ക്. പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കടുത്ത പ്രെസ്സിങ് ഗെയിം കാഴ്‌ച വെക്കുന്ന ഒരു ടീമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

"തീർച്ചയായും ചെറിയ താളത്തിലുള്ള ഫുട്ബോളല്ല എന്റേത്. ഫുട്ബോളുമായി ബന്ധപ്പെട്ട ഞങ്ങളുടെ ആശയങ്ങളിൽ യർഗൻ ക്ളോപ്പിൽ നിന്നും വളരെയധികം ദൂരെയല്ല ഞാനുള്ളത്. അതൊരു രഹസ്യമായ കാര്യമല്ല." ക്ളോപ്പുമായി ബന്ധപ്പെടുത്തി തന്നെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് റാങ്നിക്ക് മറുപടി പറഞ്ഞു.

"എന്നാൽ നിങ്ങൾക്ക് ഏതൊക്കെ തരത്തിലുള്ള താരങ്ങളെയാണ് ലഭ്യമായുള്ളതെന്നും അവർ എവിടെയാണ് നിൽക്കുന്നതെന്നും മനസിലാക്കേണ്ട കാര്യം തന്നെയാണ്. ഇപ്പോൾ അവർക്ക് നൽകാൻ കഴിയാത്തതൊന്നും എനിക്ക് ആവശ്യപ്പെടാൻ കഴിയില്ല. ഇപ്പോൾ അവർ നിൽക്കുന്ന സ്ഥലം ഞാൻ മനസിലാക്കണം."

"പരിചയസമ്പന്നരും പക്വതയുള്ളവരും ആയതു കൊണ്ടു തന്നെ അവർക്കത് മനസിലാവും. കടുത്ത പ്രെസ്സിങ് ചെയ്യുന്നവരാക്കി താരങ്ങളെ ഇപ്പോൾ തന്നെ മാറ്റാൻ കഴിയില്ല. രണ്ടോ മൂന്നോ നാലോ ആഴ്‌ചക്കുള്ളിൽ അതിനു കഴിയണമെന്നാണ് ഞാൻ കരുതുന്നത്."

"ക്ളോപ്പ് സീസണിനിടയിൽ ലിവർപൂളിലേക്ക് വന്നപ്പോഴും അതു തന്നെയാണ് സംഭവിച്ചത്, അന്നവർ എട്ടാമതോ ഒൻപതാമതോ ആയാണ് ഫിനിഷ് ചെയ്‌തത്‌. ആ സമയത്ത് ഇത്തരത്തിലുള്ള ട്രൈനിംഗാണ്‌ നടന്നിരുന്നത് എന്നതിനാൽ അവർക്ക് നിരന്തരം പരിക്കു പറ്റുകയും ചെയ്‌തിരുന്നു. അതിനാൽ ഞങ്ങൾക്ക് വിവേകത്തോടെ മുന്നോട്ടു പോണം." റാങ്നിക്ക് വ്യക്തമാക്കി.

ക്ളോപ്പിന്റെയും ചെൽസി പരിശീലകനായ ടുഷെലിന്റെയും കരിയറിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുള്ള പരിശീലകനാണ് റാൾഫ് റാങ്നിക്ക്. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുത്തപ്പോൾ അത് പ്രീമിയർ ലീഗ് ടീമുകൾക്ക് ഒരു നല്ല വാർത്തയല്ലെന്നാണ് ക്ളോപ്പ് പ്രതികരിച്ചത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളംഎന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit