മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിലവിലെ അവസ്ഥയില്‍ സ്‌തംഭനായി റാങ്‌നിക്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിലവിലെ അവസ്ഥയില്‍ സ്‌തംഭനായി പുതിയ പരിശീലകന്‍ റാഫ് റാങ്‌നിക്ക്. ചുമതല ഏറ്റെടുക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കാര്യങ്ങളൊന്നും തീരുമാനിച്ച പ്രകാരമല്ല മുന്നോട്ട് പോകുന്നത്. ഇതാണ് റാങ്‌നിക്കിനെ കുഴക്കിയിരിക്കുന്നത്.
സീസണില്‍ മോശം പ്രകടനം ഒരുവശത്ത് റാങ്‌നിക്കിനെ കുഴക്കുമ്പോള്‍ ഡ്രസിങ് റൂമില്‍ ഉടലെടുത്ത പ്രശ്‌നങ്ങളും ജർമൻ പരിശീലകന് തലവേദനയായിരിക്കുകയാണെന്ന് ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നോര്‍വീജിയന്‍ പരിശീലകന്‍ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്ക് പകരക്കാരനായി നവംബറിലായിരുന്നു ജര്‍മന്‍കാരനായ റാങ്‌നിക്ക് യുണൈറ്റഡിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്.
ടീമിനെ ആദ്യ നാലിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് റാങ്‌നിക്ക് ചുമതല ഏറ്റെടുത്തതെങ്കിലും ഈ സീസണില്‍ ഇനി അതിന് കഴിയുമോ എന്ന ആശങ്കയിലാണ് അദ്ദേഹം. 19 മത്സരത്തില്‍ നിന്ന് 31 പോയിന്റുള്ള യുണൈറ്റഡ് പട്ടികയില്‍ ഏഴാം സ്ഥാനത്താണിപ്പോള്‍. ഒന്നാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ 22 പോയിന്റ് പിറകിലാണ് യുണൈറ്റഡ്.
അതിനാല്‍ ലീഗില്‍ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ യുണൈറ്റഡിന് ആദ്യ നാലിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു. റാങ്നിക്കിന് തന്റെ 'റോക്ക് ആന്‍ഡ് റോള്‍' തന്ത്രങ്ങളില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടപ്പിലാക്കാൻ കഴിയില്ല എന്ന സൂചനയാണ് അദ്ദേഹത്തിൻറെ ക്ലബിലെ ഇത് വരെയുള്ള ടീമിന്റെ പ്രകടനം സൂചിപ്പിക്കുന്നത്.
അതേ സമയം, ആസ്റ്റൺ വില്ലക്കെതിരെ എഫ്എ കപ്പിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.