ക്രിസ്റ്റ്യാനോ റൊണാൾഡോയും ഹാരി മഗ്വയറും തമ്മിൽ അധികാരതർക്കമുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് റാങ്‌നിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രസിങ് റൂമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്യാപ്റ്റന്‍ ഹാരി മഗ്വയറും പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്ക്. ക്യാപ്റ്റന്‍ സ്ഥാനം മഗ്വയറില്‍ നിന്ന് ക്രിസ്റ്റ്യാനോക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതിനെതിരെയാണ് റാങ്‌നിക്ക് രംഗത്തെത്തിയത്.
"ഇത് തീർത്തും അസംബന്ധമാണ്," റാങ്നിക്ക് പറഞ്ഞു. "ക്യാപ്റ്റന്‍ സ്ഥാനം മാറുന്നതിനെ കുറിച്ച് ഒരിക്കലും ഒരു താരത്തോടും ഞാൻ സംസാരിച്ചിട്ടില്ല. ഹാരിക്ക് അത് അറിയാം, ക്രിസ്റ്റ്യാനോക്കും. ക്യാപ്റ്റന്‍ ആരാണെന്ന് തീരുമാനിക്കുന്നത് ഞാനാണ്, അതിനെ കുറിച്ച് മറ്റാരോടും എനിക്ക് സംസാരിക്കേണ്ടതില്ല. ഹാരി ഞങ്ങളുടെ ക്യാപ്റ്റനാണ്, അവൻ ഞങ്ങളുടെ ക്യാപ്റ്റനായി തുടരും," റാങ്‌നിക്ക് വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രസിങ് റൂമിൽ റൊണാൾഡോയും മഗ്വയറും തമ്മിൽ അധികാരതർക്കമുണ്ടെന്ന വാർത്ത മഗ്വയർ തന്നെ നിഷേധിച്ചിരുന്നു. "ഈ ക്ലബിനെക്കുറിച്ച് സത്യമല്ലാത്ത നിരവധി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതും അതിലൊന്നാണ്. എഴുതുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ പോസ്റ്റു ചെയ്യാൻ പോകുന്നില്ലെങ്കിലും ഇതെനിക്ക് വ്യക്തമാക്കണം. ഞങ്ങൾ വളരെ ഐക്യത്തോടെ ഞായറാഴ്‌ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. എല്ലാവരും നല്ലൊരു ദിവസം ആസ്വദിക്കുക,'' മഗ്വയര്‍ ട്വിറ്ററില്‍ കുറിച്ചു.
സീസണില്‍ യുണൈറ്റഡിന്റെ മോശം പ്രകടനം കാരണം ഡ്രസിങ് റൂമില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തന്റെ നേതൃത്വത്തിലുള്ള സംഘവുമായി ഡ്രസിങ് റൂം ഭരിക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നെന്നും, അത് മഗ്വയറും റാഷ്ഫോർഡും ഉൾപ്പെടെയുള്ള താരങ്ങളെ അലോസരപ്പെടുത്തുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് നിഷേധിച്ച് റാഷ്‌ഫോർഡ് തന്നെ പരസ്യമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.