ആഴ്സണലിന് എതിരെ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി റാൽഫ് റാങ്നിക്ക്

ആഴ്സണലിന് എതിരെ 3-1ന് പരാജയപ്പെട്ട പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി പരിശീലകൻ റാൽഫ് റാങ്നിക്ക്.
മത്സരത്തിന്റെ 55ആം മിനുറ്റിൽ, സ്കോർലൈൻ ആഴ്സണലിന് അനുകൂലമായി 2-1ൽ നിൽക്കെയാണ് യുണൈറ്റഡിന് പെനാൽറ്റി ലഭിച്ചത്. കോർണറിൽ നിന്നുള്ള മാറ്റിച്ചിന്റെ ഹെഡർ നൂനോ ടവരസിന്റെ കയ്യിൽ തട്ടിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.
റൊണാൾഡോ പെനാൽറ്റി എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, ബ്രൂണോ ഫെർണാണ്ടസാണ് കിക്ക് എടുക്കാൻ മുന്നോട്ട് വന്നത്. ഫെർണാണ്ടസിന്റെ കിക്ക് ബാറിൽ ഇടിച്ച് പുറത്തേക്ക് പോവുകയും ചെയ്തതോടെ സമനില ഗോൾ നേടാനുള്ള അവസരമാണ് യുണൈറ്റഡിന് നഷ്ടമായത്.
മത്സരം ശേഷം സംസാരിക്കവെ, റൊണാൾഡോ പെനാൽറ്റി എടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ പോർച്ചുഗീസ് താരം പറഞ്ഞത് എന്തെന്ന് റാങ്നിക്ക് വെളിപ്പെടുത്തി.
“മത്സരശേഷം ഞാൻ അവനോട് (റൊണാൾഡോയോട്) സംസാരിക്കുകയും (ഇതിനെ കുറിച്ച്) ചോദിക്കുകയും ചെയ്തു. അത് താൻ എടുക്കണമെന്ന് തനിക്ക് തോന്നിയില്ലെന്ന് അവൻ പറഞ്ഞു. അത് കൊണ്ടാണ് ബ്രൂണോ അത് എടുത്താൽ നന്നാവുമെന്ന് അവൻ പറഞ്ഞത്,” റാങ്നിക്ക് പറഞ്ഞതായി മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേ സമയം, മത്സരത്തിൽ തോറ്റതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. നിലവിൽ 34 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ചുവന്ന ചെകുത്താന്മാർ.