അത്ലറ്റികോ മാഡ്രിഡിനെ നേരിടാനിരിക്കെ ഡീഗോ സിമിയോണിയെ പ്രശംസിച്ച് റാൾഫ് റാങ്നിക്ക്


ഇന്നു രാത്രി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനെ നേരിടാനൊരുങ്ങി നിൽക്കെ സ്പാനിഷ് ക്ലബിന്റെ പരിശീലകനായ ഡീഗോ സിമിയോണിയോടുള്ള ആദരവു വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റാൾഫ് റാങ്നിക്ക്. കഴിഞ്ഞ പതിനൊന്നു വർഷമായി അത്ലറ്റികോ മാഡ്രിഡിൽ തന്റെ സ്വന്തം ശൈലി നടപ്പിലാക്കി സിമിയോണി സ്വന്തമാക്കിയ നേട്ടങ്ങൾ വളരെ വിലമതിക്കുന്ന ഒന്നാണെന്ന് റാങ്നിക്ക് പറയുന്നു.
"ഈ പതിനൊന്നു വർഷങ്ങളിൽ വ്യക്തമായ ഐഡന്റിറ്റിയും തിരിച്ചറിയാൻ കഴിയുന്ന കേളീശൈലിയോടെയും അദ്ദേഹം കിരീടങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ആ ശൈലി മാറിയതായും കരുതുന്നില്ല. പരിശീലകന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന ഒരു വൈകാരിക വശമുണ്ട്. ഡീഗോ സിമിയോണി യൂറോപ്പിലെ തന്നെ ഏറ്റവും വൈകാരികതയുള്ള പരിശീലകനാണ്." റാങ്നിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
Rangnick complimentary about Simeone, emphasising the success and identity at Atletico, which started the same year #mufc last reached the #UCL semi-finals https://t.co/J4Elfv280X
— Samuel Luckhurst (@samuelluckhurst) February 22, 2022
"അദ്ദേഹത്തിന്റെ ടീമുകൾ എല്ലായിപ്പോഴും നടത്തുന്ന പ്രകടനവും അതിന്റെ ശൈലിയും രീതിയും സിമിയോണി ടീമിലേക്ക് കൊണ്ടു വരാൻ ശ്രമിക്കുന്ന വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. അതാണ് എല്ലാം. ആ ഊർജ്ജത്തിന്റെയും വികാരങ്ങളുടെയും തലവുമായി ഞങ്ങൾ രണ്ടു മത്സരങ്ങളിലും പൊരുത്തപ്പെടണം, അതാണ് ഞങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം."
"ഞാൻ എന്റെ ടീമിനെ ഇതുപോലെയുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറെടുപ്പിക്കാൻ ശ്രമിക്കുന്നു. അത് ചിലപ്പോൾ കായികപരമായേക്കാം, ചിലപ്പോൾ വൈകാരികപരമായേക്കാം. ഞങ്ങൾ രണ്ടു മത്സരങ്ങളിലും മാനസികമായി കരുത്തരായി തുടരണം, അവരുടെ മൈതാനത്ത് കളിക്കുമ്പോൾ അത് കൂടുതൽ ഉണ്ടായിരിക്കണം."
"ഞങ്ങൾ ഇതുവരെയും നേർക്കുനേർ വന്നിട്ടില്ല, പക്ഷെ അദ്ദേഹം പതിനൊന്നു വർഷങ്ങൾ കൊണ്ട് അത്ലറ്റികോയിൽ ഉണ്ടാക്കിയ നേട്ടങ്ങളെ ഞാൻ ബഹുമാനിക്കുന്നു. ഈ പതിനൊന്നു വർഷങ്ങൾ കൊണ്ട് അത്ലറ്റികോയെ മുഴുവനായും മാറ്റിയ സിമിയോണിയുടെ കീഴിൽ യൂറോപ്പിൽ ഏവരും ബഹുമാനിക്കുന്ന ക്ലബായി അവർ മാറി. പക്ഷെ, ഞാനീ മത്സരങ്ങളിലാണ് ശ്രദ്ധ കൊടുക്കുന്നത്." റാങ്നിക്ക് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.