കവാനി ജനുവരിയില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് റാൽഫ് റാങ്‌നിക്ക്

എഡിസണ്‍ കവാനി ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീം വിടില്ലെന്ന ഉറപ്പുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റാൽഫ് റാങ്‌നിക്ക്. ഈ സീസണോടെ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കുന്ന ഉറുഗ്വയൻ താരം ജനുവരിയിൽ ക്ലബ് വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
"കവാനി എന്റെ ഓഫിസില്‍ വന്നിരുന്നു, ഞങ്ങള്‍ ഏകദേശം അര മണിക്കൂറോളം സംസാരിച്ചു. ക്ലബിൽ തുടരുമെന്നും, സീസൺ അവസാനം വരെ തുടരാൻ ആഗ്രഹിക്കുണ്ടെന്നും അവൻ എന്നോട് പറഞ്ഞു," റാങ്‌നിക്ക് പറഞ്ഞതായി സ്‌കൈ സ്‌പോട്‌സ് റിപ്പോര്‍ട്ട് ചെയ്തു.
"ക്ലബിൽ തുടരണമെന്ന് ഞാൻ പറഞ്ഞത് കൊണ്ട് മാത്രമല്ല, സീസണ്‍ അവസാനം വരെ ടീമില്‍ നില്‍ക്കാമെന്നും കഴിവിന്റെ പരമാവധി ടീമിന് വേണ്ടി നല്‍കുമെന്നും, യുവതാരങ്ങള്‍ക്ക് മാതൃകയാകുമെന്നും അവൻ പറഞ്ഞു,'' റാങ്‌നിക്ക് വ്യക്തമാക്കി.
യുണൈറ്റഡുമായുള്ള കരാര്‍ അവസാനിക്കുന്ന കവാനി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് റാങ്‌നിക്കിന്റെ പ്രതികരണം.
കരിയറിന്റെ ബാക്കി സമയത്ത് ബാഴ്‌സലോണക്ക് വേണ്ടി കളിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്ന് കവാനി നേരത്തെ പ്രതികരിച്ചിരുന്നു. അതിനാല്‍ കാറ്റാലന്‍ ക്ലബിലേക്ക് താരം ചേക്കേറുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കവാനിയെ യുണൈറ്റഡിന് നഷ്ടമായാല്‍ അത് വലിയ തിരിച്ചടിയാകും.
പ്രീമിയര്‍ ലീഗിലും മറ്റും മോശം ഫോമിലൂടെ കടന്ന് പോകുന്ന യുണൈറ്റഡിന്റെ മുന്നേറ്റനിരയില്‍ ഹൈ പ്രസിങ് കപ്പാസിറ്റിയും അനുഭവ സമ്പത്തുമുള്ള സ്‌ട്രൈക്കറെ അത്യാവശ്യമാണ്. അതുകൊണ്ടാണ് റാങ്‌നിക്ക് കവാനിയെ ടീമില്‍ തുടരണമെന്ന് നിര്‍ബന്ധിക്കുന്നത്. കവാനി ക്ലബ് വിടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ റാങ്‌നിക്ക് കവാനിയെ പ്രലോഭിപ്പിച്ച് ചുവന്ന ചെകുത്താന്‍മാര്‍ക്കൊപ്പം നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.