മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന എറിക് ടെൻ ഹാഗിനെ പുകഴ്ത്തി റാൽഫ് റാങ്നിക്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ പരിശീലകനായി നിയമിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന എറിക് ടെന്‍ ഹാഗിനെ പ്രശംസിച്ച് ചുവന്ന ചെകുത്താന്മാരുടെ നിലവിലെ പരിശീലകന് റാല്‍ഫ് റാങ്നിക്ക്. പ്രീമിയര്‍ ലീഗില്‍ എവര്ട്ടണ് എതിരേയുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായ റാങ്നിക്ക് ഹാഗിനെ പുകഴ്ത്തി രംഗത്തെത്തിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പരിശീലകനാവാൻ സാധ്യതയുള്ളവരെ കുറിച്ച് സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ റാങ്നിക്ക്, ക്ലബ് ഇത് വരെ സംസാരിച്ചിട്ടുള്ള എല്ലാ മാനേജർമാരും മികച്ച പരിശീലകരാണെന്നും, ടെൻ ഹാഗിന്റെ കാര്യത്തിലും ഇത് സത്യമാണെന്നാണ് പറഞ്ഞത്.
"ഇത് നാളത്തെ മത്സരത്തിന്റെ പത്രസമ്മേളനമാണ്. ഇവിടെ (മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി വരാൻ) സാധ്യതയുള്ള പുതിയ മാനേജർമാരിൽ ആരെയും കുറിച്ച് സംസാരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്കറിയാവുന്നതനുസരിച്ച്, ക്ലബ്ബ് ഇതുവരെ സംസാരിച്ചിട്ടുള്ള എല്ലാ മാനേജര്‍മാരും മികച്ച മാനേജര്‍മാരും മികച്ച പരിശീലകരുമാണ്, എറിക് ടെന്‍ ഹാഗിന്റെ കാര്യത്തില്‍ ഇത് സത്യമാണ്. ഈ ഘട്ടത്തില്‍ എനിക്ക് പറയാനുള്ളത് ഇത്രമാത്രം. എന്നെ സംബന്ധിച്ചിടത്തോളം ഇത് നാളത്തെ മത്സരത്തിന് ടീമിനെ ഒരുക്കുന്നതിനെക്കുറിച്ചാണ്. നാളെ മൂന്ന് പോയിന്റ് പ്രതീക്ഷിക്കാം,” റാങനിക്ക് പറഞ്ഞതായി മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ക്ലബ് പരിശീലകസ്ഥാനത്തേക്ക് ടെൻ ഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ അഭിമുഖം ചെയ്തിരുന്നു. പിഎസ്ജി പരിശീലകൻ മൗറിസിയോ പോച്ചറ്റീനോയെയും യുണൈറ്റഡ് ഇന്റർവ്യൂ ചെയ്തതായാണ് കരുതപ്പെടുന്നതെങ്കിലും, ചുവന്ന ചെകുത്താന്മാരുടെ അടുത്ത പരിശീലകനാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നതും ടെൻ ഹാഗിനാണ്.
നിലവിലെ താല്‍ക്കാലിക പരിശീലകനായ റാങ്നിക്കിന്റെ കാലാവധി ഈ സമ്മറോടെ അവസാനിക്കും. തുടര്‍ന്നായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലനെ നിയമിക്കുക.