Football in Malayalam

പ്രതീക്ഷിച്ചതിലുമധികം ടീം നൽകിയെന്ന് റാൾഫ് റാങ്നിക്ക്, റൊണാൾഡോക്ക് പ്രത്യേകം പ്രശംസ

Sreejith N
Manchester United v Crystal Palace - Premier League
Manchester United v Crystal Palace - Premier League / Sebastian Frej/MB Media/GettyImages
facebooktwitterreddit

റാൾഫ് റാങ്നിക്ക് പരിശീലകനായ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ടീം കാഴ്‌ച വെച്ചത്. ഫ്രെഡ് നേടിയ ഒരൊറ്റ ഗോൾ മാത്രമേ മത്സരത്തിൽ പിറന്നുള്ളൂവെങ്കിലും കടുത്ത പ്രെസിങ്ങും തുടർച്ചയായ ആക്രമണവും നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം എന്നു തന്നെയാണ് മത്സരത്തിൽ നിന്നും വ്യക്തമായത്.

ക്ളോപ്പ്‌, ടുഷെൽ എന്നിവരെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള റാൾഫ് റാങ്നിക്ക് ഒലെ ഗുണ്ണാർ സോൾഷെയറിനു പകരക്കാരനായി ആറു മാസത്തെ ഇന്ററിം കോച്ചായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താൻ ടീമിനെ ഇറക്കിയ ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കിയതിനു ശേഷം ജർമൻ പരിശീലകൻ റൊണാൾഡോ അടക്കമുള്ള താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു.

"ടീം നടത്തിയ പ്രകടനത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. പ്രത്യേകിച്ചും ആദ്യത്തെ അര മണിക്കൂറുള്ള പ്രെസിങ് വളരെ അസാധാരണമായിരുന്നു. ആ സമയത്ത് ഒന്നോ രണ്ടു ഗോളുകൾ മാത്രമേ കുറവുണ്ടായിരുന്നുള്ള. പ്രതിരോധവും മികച്ചു നിന്നു, മത്സരത്തിൽ പൂർണമായും ഞങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ക്ലീൻ ഷീറ്റ് നേടാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം."

"ഇതുപോലെയുള്ള കാര്യങ്ങളാണ് ഞങ്ങൾ മെച്ചെപ്പെടുത്തേണ്ടത്. ക്ലീൻഷീറ്റുകൾ നേടുന്നത് തുടരണം. ഒരൊറ്റ ട്രെയിനിങ് സെഷൻ മാത്രമേ നടത്തിയുള്ളൂവെങ്കിലും എനിക്ക് മതിപ്പുണ്ടായി. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മികച്ച പ്രകടനം ഞങ്ങൾ നടത്തി. എല്ലായിപ്പോഴും മുന്നിൽ നിൽക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അവസാനത്തെ അഞ്ചു മിനിറ്റുകളിൽ അസ്ഥിരത കാണിച്ചെങ്കിലും മറ്റു സമയത്തെല്ലാം അവരെ ഗോളിൽ നിന്നും മാറ്റി നിർത്താൻ കഴിഞ്ഞു."

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തെപ്പറ്റി റാങ്നിക്ക് പറഞ്ഞത് ഇങ്ങിനെയായിരുന്നു. "ഞങ്ങൾക്ക് രണ്ടു സ്‌ട്രൈക്കർമാരെ വെച്ചാണ് കളിക്കേണ്ടത്, പ്രത്യേകിച്ചും സെൻട്രൽ പൊസിഷനിൽ. എന്തായാലും പന്തു കൈവശമില്ലാത്തപ്പോൾ റൊണാൾഡോ ചെയ്‌ത ജോലി അഭിനന്ദനം അർഹിക്കുന്നു," റാങ്നിക്ക് വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit