Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിലോസഫി മനസിലാക്കാൻ ഫെർഗൂസനുമായി കൂടിക്കാഴ്‌ച നടത്താൻ റാങ്നിക്ക് ഒരുങ്ങുന്നു

Sreejith N
Manchester United v Crystal Palace - Premier League
Manchester United v Crystal Palace - Premier League / Alex Livesey/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിച്ച് വിജയം നേടിയെടുത്തത് ആരാധകർക്ക് പ്രതീക്ഷ നൽകാൻ പുതിയ പരിശീലകനായ റാൾഫ് റാങ്നിക്കിനു കഴിഞ്ഞിട്ടുണ്ട്. ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരികയാണ് തന്റെ ലക്ഷ്യമെന്നു വ്യക്തമാക്കിയ അദ്ദേഹം ടീമിന്റെ ഫിലോസഫി മനസിലാക്കാൻ മുൻ പരിശീലകനായ സർ അലക്‌സ് ഫെർഗുസനുമായി കൂടിക്കാഴ്‌ച നടത്തുമെന്നും വ്യക്തമാക്കി.

"ന്യൂ യോർക്കിൽ നിന്നും തിരിച്ചെത്തിയ സർ അലക്‌സ് ഫെർഗുസൺ കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ഹോം ക്വാറന്റൈനിൽ ആയതിനാൽ എനിക്കിതു വരെ അദ്ദേഹത്തോടു സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അടുത്ത രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ അദ്ദേഹവുമായി ഒരു കൂടിക്കാഴ്‌ച നടത്താൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," റാങ്നിക്ക് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

"അദ്ദേഹവുമായി ചേർന്ന് ഒരു ഡിന്നറോ ലഞ്ചോ കഴിക്കാനുള്ള ക്രമീകരണം നടത്തണമെന്ന് ഡാരെൻ ഫ്ലെച്ചർ എന്നോട് പറഞ്ഞിരുന്നു. ക്ലബിന്റെ ഡിഎൻഎ കാത്തു സൂക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നതിനൊപ്പം തന്നെ ആധുനിക ഫുട്ബോളിലേക്കുള്ള മാറ്റവും നടപ്പിലാക്കേണ്ടതുണ്ട്.

"ഫുട്ബോളിൽ വളരെ കൃത്യമായൊരു ആശയം ഉണ്ടാകണം. എവിടെയാണ് നിലകൊള്ളേണ്ടത്, എങ്ങിനെയാണ് ടീമിനെ കാണേണ്ടത്, ടീം കളിക്കേണ്ടത് എങ്ങിനെ, ആരാധകർക്ക് എങ്ങിനെയാണ് ടീം കളിക്കേണ്ടത് എന്നെല്ലാമതിലുണ്ട്. ശേഷം അതിനു ചേരുന്ന താരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കുകയും വേണം," റാങ്നിക്ക് വ്യക്തമാക്കി.

റാങ്നിക്ക് ടീമിലെത്തിയതിന്റെ മാറ്റം ആദ്യത്തെ മത്സരത്തിൽ തന്നെ പ്രകടമായിരുന്നു. കടുത്ത പ്രെസിങ്ങും നിരന്തരമായ ആക്രമണവും അഴിച്ചുവിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചുവെങ്കിലും ഒരേയൊരു ഗോൾ മാത്രമാണ് നേടാനായത്. എന്നാൽ ഒരു മത്സരത്തിൽ തന്നെ ഇത്രയും മാറ്റം ടീമിനു വന്നെങ്കിൽ കൂടുതൽ മത്സരങ്ങളിൽ ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ച്ച വെപ്പിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit