റാഫ് റാഗ്നിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനാവാന്‍ സന്നദ്ധനെന്ന് റിപ്പോര്‍ട്ട്

ഒലെ ഗുണ്ണാർ സോൾഷെയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കുകയാണെങ്കില്‍, ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ജർമൻ പരിശീലകനായ റാഫ് റാഗ്നിക്ക് തയ്യാറാണെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയില്‍ നിന്നാണ് റാഗ്നിക്കിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ചുമതല ഏറ്റെടുക്കാന്‍ താല്പര്യമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നത്.
കഴിഞ്ഞ മാസം ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലിവര്‍പൂളിനോട് എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പെട്ടപ്പോള്‍ തന്നെ സോൾഷെയറെ പുറത്താക്കുമെന്ന തരത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരെ നേടിയ വിജയവും, ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റക്കെതിരെയുള്ള സമനിലയും സോൾഷെയറുടെ മേലുള്ള സമ്മർദ്ദം കുറക്കാൻ സഹായകമായി.
എന്നാല്‍ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയം രുചിച്ചതോടെയാണ് സോൾഷെയറെ മാറ്റണമെന്ന ചര്‍ച്ചകൾ വീണ്ടും സജീവമായത്.
നേരത്തെ, അന്റോണിയോ കോണ്ടെയുടെ പേര് യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും, അദ്ദേഹം ടോട്ടൻഹാം ഹോട്സ്പർ പരിശീലകനായി ചുമതലയേറ്റു കഴിഞ്ഞിട്ടുണ്ട്. സിനദിന്‍ സിദാന് യുണൈറ്റഡിന്റെ പരിശീലക ചുമതല ഏറ്റെടുക്കുമോ എന്ന കാര്യം സംശയമാണ്.
പരിഗണനയിലുള്ള മറ്റൊരു പേരായ പൊച്ചറ്റീനോക്കാകട്ടെ പി.എസ്.ജിയുമായി 2023 വരെ കരാറുണ്ട്. അതിനാല്‍ ആ വാതിലും അടഞ്ഞ അവസ്ഥയാണ്. അതേ സമയം, വര്‍ഷങ്ങളായി യുണൈറ്റഡ് പരിശീലകസ്ഥാനവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരാണ് റാഗ്നിക്കിന്റേത്. മാധ്യമ പ്രവര്ത്തകന് ക്രിസ്റ്റ്യന്‍ ഫാല്‍ക് ആണ് റാഗ്നിക്ക് ഇപ്പോള്‍ യുനൈറ്റഡില്‍ തല്പരനാണെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ, റാഗ്നിക്കിന് യുണൈറ്റഡിലുള്ള താല്പര്യം, ക്ലബിന് തിരിച്ചു അങ്ങോട്ട് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.