വിരമിച്ചതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലകനായി മാറുമെന്നു കരുതുന്നതായി റാങ്നിക്ക്

Brentford v Manchester United - Premier League
Brentford v Manchester United - Premier League / Sebastian Frej/MB Media/GettyImages
facebooktwitterreddit

ഫുട്ബോൾ താരമെന്ന നിലയിൽ നിന്നും വിരമിച്ചതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഫുട്ബോൾ പരിശീലകനായി മാറുമെന്നു കരുതുന്നതായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്ററിം മാനേജരായ റാൾഫ് റാങ്നിക്ക്. ബ്രെന്റ്ഫോഡിനെതിരെ നടന്ന മത്സരത്തിൽ റൊണാൾഡോയെ പിൻവലിച്ചപ്പോൾ താരം രോഷാകുലനായി അതിനോട് പ്രതികരിച്ചതിനെപ്പറ്റി മറുപടി പറയുമ്പോഴായിരുന്നു റാങ്നിക്കിന്റെ പ്രതികരണം.

കളിയുടെ എഴുപത്തിയൊന്നാം മിനുട്ടിൽ കളിക്കളത്തിൽ നിന്നും പിൻവലിച്ചപ്പോൾ റൊണാൾഡോ നടത്തിയ പ്രതികരണം തന്നോട് നടത്തിയ വെല്ലുവിളിയായി അനുഭവപ്പെട്ടില്ലെന്നും തനിക്ക് പകരക്കാരനെ ഇറക്കുന്നതിൽ താല്പര്യമില്ലാത്ത താരം ഇതാദ്യമായല്ല അങ്ങിനെ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെർഗുസൺ, സാറി എന്നിവരുമായും ഇതേ രീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റാങ്നിക്ക് പറഞ്ഞു.

ആ പ്രവൃത്തി താരത്തിനു കളിക്കളത്തിൽ തുടരാനും ഗോളുകൾ നേടാനുമുള്ള അഭിനിവേശമാണ് കാണിക്കുന്നതെന്നും അതിൽ പരിശീലകർക്ക് യാതൊന്നും ചെയ്യാനില്ലന്നും പറഞ്ഞ ജർമൻ പരിശീലകൻ ഭാവിയിൽ റൊണാൾഡോ പരിശീലകനായി വരുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുകയെന്നും വ്യക്തമാക്കി. പരസ്യമായി ഇതുപോലെ പ്രതികരിക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

"ഒരു ഘട്ടത്തിൽ റൊണാൾഡോയും ഒരു പരിശീലകനായി മാറും എന്നു ഞാൻ കരുതുന്നു. താരം അഞ്ചു വർഷം കൂടി കളിക്കളത്തിൽ തുടർന്നാൽ ഒരു പത്തു വർഷം കൊണ്ടോ അതല്ലെങ്കിൽ ഏതാനും വർഷങ്ങൾ കൊണ്ടോ അതു സംഭവിക്കും. അപ്പോൾ താരവും ഇതേ സമീപനമാണ് പുലർത്തുക. താരത്തിന്റെ പ്രവർത്തിയെ ഞാൻ കുറ്റപ്പെടുത്തില്ല, ഒരു മാനേജരും അതു ചെയ്യില്ല." റാങ്നിക്ക് പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്‌തു.

"അതു കൂടുതൽ വൈകാരികപരമാവാതിരിക്കാൻ ശ്രദ്ധിക്കണം. ടിവി ക്യാമറകൾക്ക് മുന്നിൽ ആകരുതെന്നും. അതാർക്കും ഗുണം ചെയ്യില്ല, താരത്തിനു മാത്രമല്ല, ടീമിലെ സഹതാരങ്ങൾക്കും. വളരെ വൈകാരികപരമായ ഒരു മത്സരമാണിതെന്നാണ് പ്രധാന കാര്യം, അതിനാൽ തന്നെ കളിക്കാൻ വൈകാരികത പ്രകടിപ്പിക്കുന്നത് ഞാൻ വ്യക്തിപരമായി എടുക്കാറില്ല." റാങ്നിക്ക് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.