2021 ബാലൺ ഡി ഓർ: ലയണൽ മെസിയെ തഴഞ്ഞ് റാക്കിറ്റിച്ച്, പുരസ്കാരം ബെൻസിമ നേടണമെന്ന് ക്രൊയേഷ്യൻ താരം`


2021ലെ ബാലൺ ഡി ഓർ പുരസ്കാരം ആരു നേടണമെന്ന കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് മുൻ ബാഴ്സലോണ താരം ഇവാൻ റാകിറ്റിച്ച്. തന്റെ സഹതാരമായിരുന്ന ലയണൽ മെസി പുരസ്കാരത്തിന് സാധ്യതയുള്ള താരങ്ങളിൽ മുന്നിൽ തന്നെയുണ്ടെങ്കിലും റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് മുന്നേറ്റനിര താരമായ കരിം ബെൻസിമ പുരസ്കാരം നേടണമെന്നാണ് റാകിറ്റിച്ച് പറയുന്നത്.
റൊണാൾഡോ റയൽ വിട്ടതിനു ശേഷം ലോസ് ബ്ലാങ്കോസ് മുന്നേറ്റനിരയുടെ കടിഞ്ഞാൺ ഏറ്റെടുത്ത ബെൻസിമ കഴിഞ്ഞ ഏതാനും സീസണുകളായി മിന്നുന്ന പ്രകടനമാണ് ടീമിനായി നടത്തുന്നത്. ഈ സീസണിൽ തന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരത്തെ പ്രകടനമികവിന്റെ പേരിൽ തന്നെയാണ് റാകിറ്റിച്ച് ബാലൺ ഡി ഓർ നേടാൻ അർഹതയുള്ള താരങ്ങളിൽ ഒന്നാമതു നിർത്തുന്നതും.
"അദ്ദേഹവുമായി ജേഴ്സി കൈമാറാൻ കഴിഞ്ഞതു തന്നെ വലിയ സന്തോഷമാണെന്ന് ആദ്യം തന്നെ പറയട്ടെ. അതെന്റെ സ്വകാര്യ മ്യൂസിയത്തിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. കരിം വർഷങ്ങളായി കാണിച്ചു കൊണ്ടിരിക്കുന്നതെല്ലാം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ്. റയൽ മാഡ്രിഡിൽ വളരെ വർഷങ്ങളായി താരമുണ്ട്, ഇപ്പോഴും നിരവധി ഗോളുകൾ, ഇടക്കിടക്ക് പ്രധാനപ്പെട്ട ഗോളുകളും താരം നേടുന്നു."
"ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം താരമാണ് ക്ലബിന്റെ നേതൃത്വത്തിലേക്ക് വന്നത്. അസാധാരണ പ്രതിഭയുള്ള താരത്തെ അതിന്റെ പേരിൽ അഭിനന്ദിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞങ്ങൾക്കെതിരെ ഒഴികെ ഇതുപോലെ തുടരാൻ താരത്തിനു കഴിയട്ടെ."
"ബാലൺ ഡി ഓർ നേടാനുള്ള എല്ലാ അർഹതയും താരത്തിനുണ്ട്. റയലിൽ താരവും മറ്റുള്ളവരും എന്ന നിലയാണിപ്പോഴുള്ളത്. ബെൻസിമയുടെ നിലവിലെ ഫോം എല്ലാ മത്സരങ്ങളിലും റയൽ മാഡ്രിഡിനെ നിലനിർത്തുന്നു. വലിയ മത്സരങ്ങളിലും പ്രധാനപ്പെട്ട ടൂർണമെന്റുകളിലും താരം ഗോളുകൾ നേടുന്നു," റാക്കിറ്റിച്ച് ബീയിൻ സ്പോർട്സിനോട് പറഞ്ഞു.
ഈ സീസണിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും പതിനാലു ഗോളുകളും എട്ട് അസിസ്റ്റുകളും ഇതുവരെ സ്വന്തമാക്കിയ ബെൻസിമ. സെമി ഫൈനലിലും ഫൈനലിലും ഗോളുകൾ നേടി ഫ്രാൻസിനെ യുവേഫ നാഷൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ ബാലൺ ഡി ഓർ റയൽ താരം നേടിയാലും അതിൽ അതിശയോക്തിയൊന്നും കാണാൻ കഴിയില്ല.