Football in Malayalam

മെസി നേടാത്ത ഒരു കിരീടം തനിക്കുണ്ടെന്ന് പറഞ്ഞ് ബാഴ്‌സ നായകനെ കളിയാക്കാറുണ്ടായിരുന്നുവെന്ന് ഇവാൻ റാകിറ്റിച്ച്

Sreejith N
FBL-ESP-LIGA-BARCELONA-VALLADOLID
FBL-ESP-LIGA-BARCELONA-VALLADOLID / LLUIS GENE/Getty Images
facebooktwitterreddit

ബാഴ്‌സലോണ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഇവാൻ റാകിറ്റിച്ച്. നിരവധി വർഷങ്ങൾ ബാഴ്‌സലോണക്കൊപ്പം തുടർന്ന് പല പൊസിഷനുകളിൽ കളിച്ച് നിർണായക ഗോളുകളും കിരീടങ്ങളും നേടിയിട്ടുള്ള താരം ഈ സീസണിന്റെ തുടക്കത്തിലാണ് സെവിയ്യയിലേക്ക് ചെക്കേറുന്നത്. റൊണാൾഡ്‌ കൂമാൻ പരിശീലക സ്ഥാനമേറ്റെടുത്തതിന് ശേഷം ടീമിൽ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് റാകിറ്റിച്ചും ബാഴ്‌സലോണ വിട്ടത്.

ബാഴ്‌സലോണ കളിക്കാരുമായി നല്ല സൗഹൃദം പുലർത്തുന്ന താരം കഴിഞ്ഞ ദിവസം മെസിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെ ഒരേയൊരു കിരീടം ഒരിക്കലും നേടാൻ കഴിയില്ലെന്ന് പറഞ്ഞ് ബാഴ്‌സ നായകനെ കളിയാക്കിയിരുന്ന കാര്യവും വെളിപ്പെടുത്തി. സെവിയ്യക്കൊപ്പം മുൻപ് നേടിയ യൂറോപ്പ ലീഗ് കിരീടത്തെക്കുറിച്ച് പറഞ്ഞാണ് മെസിയെ കളിയാക്കിയിരുന്നതെന്നാണ് റാകിറ്റിച്ച് പറയുന്നത്.

"ഞാൻ മെസിയുമായി സംസാരിക്കുമ്പോൾ ഇടക്ക് പറയാറുണ്ട്, 'നിങ്ങൾ എല്ലാ കിരീടങ്ങളും നേടി, ഒരുപാട് ഗോളുകൾ നേടി', എന്നാൽ നിങ്ങൾ ഒരിക്കലും നേടിയിട്ടില്ലാത്ത ഒരു കിരീടം എനിക്കുണ്ട്. ഒരിക്കലും യൂറോപ്പ ലീഗ് വിജയിക്കാൻ നിങ്ങൾക്ക് കഴിയില്ല." ലാ ലിഗ ടിവിയോട് സംസാരിക്കുമ്പോൾ റാകിറ്റിച്ച് പറഞ്ഞു.

ആറു വർഷങ്ങൾ ബാഴ്‌സലോണക്ക് വേണ്ടി കളിച്ച് പതിമൂന്നു കിരീടങ്ങളാണ് റാകിറ്റിച്ച് കറ്റാലൻ ക്ലബിനൊപ്പം നേടിയത്. അതിൽ നാല് ലാ ലിഗ കിരീടങ്ങളും നാല് കോപ്പ ഡെൽ റേയും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ റാകിറ്റിച്ചിന്റെ സെവിയ്യക്കെതിരെ ബാഴ്‌സലോണ കോപ്പ ഡെൽ റേ സെമി ഫൈനലിൽ ഗംഭീര തിരിച്ചു വരവ് നടത്തി ഫൈനലിൽ ഇടം പിടിച്ചിരുന്നു. ബാഴ്‌സലോണയുടെ വിജയങ്ങളൊന്നും വെറുതെ ലഭിച്ചതല്ലെന്നും അവരത് നേടിയെടുക്കുക തന്നെയാണു ചെയ്യുന്നതെന്നും റാകിറ്റിച്ച് പറഞ്ഞു. എല്ലാ കളിക്കാരും തങ്ങളുടെ വേഷം ഭംഗിയായി നിറവേറ്റി വിജയത്തിന് വേണ്ടി പൊരുതുന്നതാണ് ബാഴ്‌സയുടെ നേട്ടങ്ങൾക്ക് പിന്നിലെന്നും ക്രൊയേഷ്യൻ താരം വെളിപ്പെടുത്തി.

facebooktwitterreddit