ഹാലൻഡ് ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന ഉറപ്പ് ലപോർട്ടക്ക് നൽകി താരത്തിന്റെ ഏജന്റായ മിനോ റയോള

Borussia Dortmund v SpVgg Greuther Fürth - Bundesliga
Borussia Dortmund v SpVgg Greuther Fürth - Bundesliga / Dean Mouhtaropoulos/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട ചർച്ചകൾ ഫുട്ബോൾ ലോകത്ത് വളരെയധികം പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. യൂറോപ്പിലെ നിരവധി ക്ലബുകൾ താരത്തെ ലക്‌ഷ്യം വെച്ചു നീങ്ങുന്നുണ്ടെങ്കിലും നിലവിൽ സ്‌പാനിഷ്‌ ക്ലബുകളായ റയൽ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവയിൽ ഒരെണ്ണത്തിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ശക്തമായിട്ടുള്ളത്.

അതിനിടയിൽ അടുത്ത സീസണിൽ നോർവീജിയൻ താരം ബാഴ്‌സലോണയിലേക്കു തന്നെ ചേക്കേറുമെന്ന ഉറപ്പ് താരത്തിന്റെ ഏജന്റായ മിനോ റയോള കാറ്റലൻ ക്ലബിന്റെ പ്രസിഡന്റായ ലപോർട്ടക്ക് നൽകിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സ്‌പാനിഷ്‌ മാധ്യമമായ കുയട്രാവോയെ അടിസ്ഥാനമാക്കി ഡെയിലി മെയിലാണ് ഇക്കാര്യം പുറത്തു വിട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ ഹാലൻഡുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ ലപോർട്ട പ്രതികരിച്ചത് ക്ലബിന് വമ്പൻ താരങ്ങളെ സ്വന്തമാക്കാനുള്ള കഴിവുണ്ടെന്നാണ്. അതിനു പിന്നാലെ ഹാലൻഡിനെ ബാഴ്‌സലോണയിലെത്തിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് റയോള ലപോർട്ടക്ക് ഹാലണ്ടുമായി ബന്ധപ്പെട്ടു നൽകിയ ഉറപ്പിനെ സംബന്ധിച്ച റിപ്പോർട്ടുകൾ വരുന്നത്.

അടുത്ത സമ്മറിൽ ബാഴ്‌സലോണയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് ഹാലൻഡ് തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി അതിനു തടസം നിൽക്കുമോയെന്ന സംശയം മാത്രമേ ആരാധകർക്കുള്ളൂ. അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടന്ന് ഹാലൻഡിനെ സ്വന്തമാക്കാനുള്ള പണം സ്വരൂപിച്ചാൽ താരം ബാഴ്‌സലോണയിൽ തന്നെ കളിക്കുമെന്ന ഉറപ്പാണ് റയോള നൽകിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അടുത്ത സമ്മറിൽ ഹാലൻഡിനെ സ്വന്തമാക്കാൻ ക്ലബുകൾ സജീവമായി രംഗത്തു വരാനുള്ള കാരണം താരത്തിന്റെ റിലീസിംഗ് ക്‌ളോസ്‌ 64 മില്യൺ പൗണ്ടായി കുറയുമെന്നതാണ്. താരതമ്യേനെ കുറഞ്ഞ തുകക്ക് ഒരു ലോകോത്തര സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ കഴിഞ്ഞാൽ ഏതു ക്ലബിനും അത് നേട്ടമാണ്. അതിനാൽ ഹാലാൻഡിനു വേണ്ടിയുള്ള ബാഴ്‌സയുടെ നീക്കങ്ങൾ വിജയിച്ചാൽ അത് ലപോർട്ടയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ തന്നെയായിരിക്കും.

എന്നാൽ ഹാലൻഡിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ നിലവിൽ കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധി അനുവദിക്കില്ലെന്നാണ് ലാ ലിഗ പ്രസിഡന്റായ ടെബാസ് മുൻപു വ്യക്തമാക്കിയത്. റയൽ മാഡ്രിഡിന് അതിനുള്ള കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയ സ്ഥിതിക്ക് നോർവീജിയൻ താരത്തിനായി വടംവലി നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.