Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ട്രാൻസ്‌ഫർ നടത്തിയില്ലെങ്കിൽ തനിക്കൊന്നുമില്ല, തുറന്നടിച്ച് ഹാലൻഡിന്റെ ഏജന്റ് മിനോ റയോള

Sreejith N
Matthijs De Ligt Arrives In Turin
Matthijs De Ligt Arrives In Turin / Stefano Guidi/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകനായ സർ അലക്‌സ് ഫെർഗുസനെ വിമർശിച്ച്‌ ഏർലിങ് ഹാലൻഡ്, പോൾ പോഗ്ബ എന്നിങ്ങനെ നിരവധി താരങ്ങളുടെ ഏജന്റായ മിനോ റയോള. പോൾ പോഗ്ബയുടെ ട്രാൻസ്ഫറുമായി ഫെർഗുസൻ തനിക്കെതിരെ നടത്തിയ ആരോപണങ്ങളെ നിഷേധിച്ച റയോള ഇനി മാഞ്ചസ്റ്റർ യുണൈറ്റഡുമായി ട്രാൻസ്‌ഫർ ഡീലുകൾ നടത്തിയില്ലെങ്കിലും തനിക്കൊരു പ്രശ്‌നവുമില്ലന്നും വ്യക്തമാക്കി.‌

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി താരമായിരുന്ന പോൾ പോഗ്ബ 2012ൽ ക്ലബ് വിട്ടു യുവന്റസിലേക്ക് ചേക്കേറിയത് റയോളയുടെ സ്വാധീനം കൊണ്ടാണെന്ന് ഫെർഗുസൻ പറഞ്ഞിരുന്നു. പിന്നീട് പോഗ്ബ അക്കാലത്തെ ഏറ്റവും ഉയർന്ന ട്രാൻസ്‌ഫർ തുകക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ തിരിച്ചെത്തി. അതേസമയം പോഗ്ബ യുണൈറ്റഡ് വിടാൻ കാരണം ഫെർഗുസൺ തന്നെയാണെന്നാണ് റയോള ദി അത്ലറ്റിക്കിനോട് സംസാരിക്കുമ്പോൾ പറഞ്ഞത്.

"ഫെർഗുസൺ എന്നെ വിമർശിച്ചാൽ അതെനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അഭിനന്ദനമാണ്. എല്ലാവരും അതെ സാർ, അതെ സാർ എന്ന മറുപടി നൽകുന്നത് കേട്ട് അദ്ദേഹത്തിന് ശീലമായിരിക്കുന്നു. എനിക്കാകെ പറയാനുള്ളത് ഫെർഗുസൺ ടീം വിട്ടതിനു ശേഷം ക്ലബിന്റെ ഉടമകളായ ഗ്ലെസേഴ്സ് പോഗ്ബയെ തിരിച്ചെത്തിച്ച് ഞാനാണ് ശരിയെന്നു പറഞ്ഞിരുന്നു. പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ട്രാൻസ്‌ഫർ ചെയ്യാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഫെർഗുസൺ പോഗ്ബയിൽ വിശ്വസിച്ചിരുന്നില്ല."

പോഗ്ബ ട്രാൻസ്‌ഫർ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധത്തെ ഉലച്ചുവോയെന്ന ചോദ്യത്തിന് റയോള മറുപടി പറഞ്ഞു. "മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഇനിയൊരു പ്ലെയറുടെ ഇടപാട് നടത്തിയില്ലെങ്കിലും എനിക്കൊന്നുമില്ല. ഞാൻ അവരുടെ കയ്യിലല്ല ഉള്ളത്. ഞാൻ സ്വതന്ത്രനാണ്. എന്റെ കീഴിലെ കളിക്കാരെ മാത്രമാണ് ഞാൻ കണക്കിലെടുക്കേണ്ടത്. താരങ്ങൾക്ക് ഞങ്ങളെ ഇഷ്ടമാകുന്ന കാലത്തോളം നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ളതു പോലെ ചെയ്യുക," റയോള തുറന്നടിച്ചു.

പോഗ്ബയുമായി ബന്ധപ്പെട്ട റയോള നടത്തുന്ന പല പരാമർശങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അടക്കമുള്ളവരുടെ വിമർശനങ്ങൾ നേടിയെടുത്തിട്ടുണ്ട്. അതേസമയം റയോളയുമായുള്ള ഈ പ്രശ്‌നം ഹാലൻഡിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ്.

facebooktwitterreddit