Football in Malayalam

ഇത്തരമൊരു കളികാരനെയായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടിയിരുന്നത്; ടീമിലെ പുതിയ താരത്തെ പ്രശംസിച്ച് രാഹുൽ കെപി

Gokul Manthara
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/Getty Images
facebooktwitterreddit

വലിയ പ്രതീക്ഷകളോടെ ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ കളികാരനാണ് ഹർമൻ ജോത് ഖബ്ര. കഴിഞ്ഞ നാല് വർഷത്തോളം ബെംഗളൂരു എഫ് സിയുടെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന ഈ മുപ്പത്തിരണ്ടുകാരന് ബ്ലാസ്റ്റേഴ്സിന്റെ ടീം പദ്ധതികളിൽ ഇത്തവണ നിർണായക സ്ഥാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്‌. ഖബ്രയെപ്പോലെ കളിക്കളത്തിൽ എന്തിനും തയ്യാറായ ഒരു കളികാരനെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിന്റെ നീക്കം അവരുടെ ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ടീമിലെ സഹതാരങ്ങൾക്കും ഖബ്രയുടെ വരവ് വലിയ ആവേശം പകർന്നുവെന്ന് വ്യക്തമാക്കുന്നതാണ് മലയാളി സൂപ്പർ താരം രാഹുൽ കെപി അദ്ദേഹത്തെക്കുറിച്ച് ഇപ്പോൾ പറഞ്ഞിരിക്കുന്ന വാക്കുകൾ. കഴിഞ്ഞ ദിവസം ഖബ്രക്കൊപ്പം ലെറ്റ്സ് ഫുട്ബോളിൽ സംസാരിക്കവെയായിരുന്നു രാഹുൽ കെപി അദ്ദേഹത്തെ വാനോളം പ്രശംസിച്ചത്.

ഖബ്രയെപ്പോലൊരു താരത്തെ ബ്ലാസ്റ്റേഴ്സിന് വളരെയധികം ആവശ്യമായിരുന്നുവെന്നാണ് രാഹുൽ പറയുന്നത്‌. മറ്റ് കളികാർക്കില്ലാത്ത പല കാര്യങ്ങളുമുള്ള കളികാരനാണ് ഖബ്രയെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, ടീമിന് തീപ്പൊരി നൽകാനുള്ള അദ്ദേഹത്തിന്റെ കഴിവിനേയും പ്രശംസിച്ചു.

"മറ്റ് കളികാർക്കില്ലാത്ത പല കാര്യങ്ങളുമുള്ളയാളാണ് ഖബ്ര. പലർക്കും ഉള്ളിൽ തീപ്പൊരിയുണ്ടെങ്കിലും അവർ അത് പുറത്തേക്ക് കൊണ്ടു വരുന്നില്ലായിരുന്നു. കാരണം അവർ എന്തിനെയൊക്കെയോ ഭയപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ടീമിന് ആ തീപ്പൊരി നൽകി. അത് പിന്നെ അഗ്നിയായി മാറി. അതിന് ശേഷം പരിശീലന സെഷനുകൾ സുഗമമായി നടന്നു. എല്ലാവരും തങ്ങളുടെ പരിധികളെ മറികടന്ന് ഡുവൽസിനായി പോയി. ആരും ആരെയും ഭയപ്പെട്ടില്ല. ഖബ്ര ആദ്യം ഹോട്ടലിലെത്തിയപ്പോൾ എനിക്ക് തോന്നി, ഇതാണ് ശരിയായ ആൾ. ഇതാണ് എനിക്ക് പറ്റിയ ആൾ. ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടാകും. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തോട് ചോദിക്കും. കാരണം രാജ്യത്തെ നിരവധി വലിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ളയാളാണ് അദ്ദേഹം." രാഹുൽ പറഞ്ഞു നിർത്തി.

അതേ സമയം ഇന്ത്യൻ ഫുട്ബോളിൽ വലിയ പരിചയസമ്പത്തുള്ള ഖബ്ര, ബെംഗളൂരു എഫ് സിക്ക് പുറമേ, സ്പോർട്ടിംഗ് ഗോവ, ഈസ്റ്റ് ബെംഗാൾ, ചെന്നൈയിൻ എഫ് സി ടീമുകൾക്കായും ബൂട്ടു കെട്ടിയിട്ടുണ്ട്. 2015 ൽ ചെന്നൈക്കൊപ്പവും, 2018-19 സീസണിൽ ബെംഗളൂരു എഫ്സിക്കൊപ്പവും ഐ എസ് എൽ കിരീടം ചൂടിയിട്ടുള്ള ഖബ്രയാണ് ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പത്താം നമ്പർ ജേഴ്സിയിൽ കളിക്കുക.

facebooktwitterreddit