Transfers

ചെൽസിയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി മാറാൻ റഹീം സ്റ്റെർലിങ്, കരാർ വിവരങ്ങൾ പുറത്ത്

Sreejith N
Raheem Sterling To Become Chelsea's Highest Paid Player
Raheem Sterling To Become Chelsea's Highest Paid Player / James Williamson - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ചെൽസിയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ തയ്യാറെടുക്കുന്ന റഹീം സ്റ്റെർലിങ് ക്ലബിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി മാറുമെന്ന് റിപ്പോർട്ടുകൾ. ചെൽസിയുമായി വ്യക്തിപരമായ കരാർ സംബന്ധിച്ച് ധാരണയിൽ എത്തിയ താരം വരുന്ന ദിവസങ്ങളിൽ തന്നെ ട്രാൻസ്‌ഫർ പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റർ സിറ്റിയിൽ ആഴ്‌ചയിൽ മൂന്നു ലക്ഷം പൗണ്ടാണ് റഹീം സ്റ്റെർലിങ്ങിന് പ്രതിഫലമായി ലഭിക്കുന്നത്. ചെൽസിയിലേക്ക് ചേക്കേറുന്നതോടെ ഈ പ്രതിഫലം ചെറിയ തോതിൽ ഉയരുമെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. ടോഡ് ബോഹ്‍ലി ക്ലബിന്റെ പുതിയ ഉടമയായി എത്തിയതിനു ശേഷം ചെൽസി നടത്തുന്ന ആദ്യത്തെ പ്രധാന സൈനിങ്‌ കൂടിയായിരിക്കും റഹീം സ്റ്റെർലിങിന്റേത്.

നേരത്തെ ബെൽജിയൻ സ്‌ട്രൈക്കറായ റൊമേലു ലുക്കാക്കുവാണ് ചെൽസിയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയിരുന്നത്. ആഴ്‌ചയിൽ 325000 പൗണ്ട് വേതനമായി കൈപ്പറ്റിയിരുന്ന താരം ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇന്റർ മിലാനിലേക്ക് ലോണിൽ ചേക്കേറിയിരുന്നു. മധ്യനിര താരമായ കാന്റെ 290000 പൗണ്ട് ആഴ്‌ചയിൽ പ്രതിഫലമായി വാങ്ങുന്നുണ്ടെങ്കിലും സ്റ്റെർലിങ് കരാർ നിലവിൽ വരുന്നതോടെ ഫ്രഞ്ച് താരം രണ്ടാം സ്ഥാനത്തേക്ക് വീഴും.

ഏഴു വർഷമായി മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്ന സ്റ്റെർലിങ് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയതിനു ശേഷമാണ് ക്ലബ് വിടാൻ ഒരുങ്ങുന്നത്. 339 മത്സരങ്ങളിൽ സിറ്റിക്കു വേണ്ടി ഇറങ്ങിയ താരം 131 ഗോളും 95 അസിസ്റ്റുകളും ടീമിനായി നേടി. ഖത്തർ ലോകകപ്പ് ഈ വർഷം നടക്കാനിരിക്കെ ക്ലബിൽ സ്ഥിരസാന്നിധ്യമായി മാറി ഇംഗ്ലണ്ട് ടീമിലെ സ്ഥാനം ഉറപ്പിക്കുകയെന്ന ലക്ഷ്യവും ചെൽസിയിലേക്ക് ചേക്കേറുന്നതിലൂടെ സ്റ്റെർലിങ്ങിനുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit