Football in Malayalam

വിമർശകരുടെ വായയടപ്പിക്കുന്ന പ്രകടനവുമായി സ്റ്റെർലിംഗും കെയ്‌നും; യൂറോ 2020ന്റെ സെമി-ഫൈനലിലേക്ക് മുന്നേറി ഇംഗ്ലണ്ട്

Ali Shibil Roshan
റഹീം സ്റ്റെർലിംഗും, ഹാരി കെയ്‌നും
റഹീം സ്റ്റെർലിംഗും, ഹാരി കെയ്‌നും / Alessandro Garafallo - Pool/Getty Images
facebooktwitterreddit

നാല് - ഉക്രൈനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുൻപ് യൂറോ 2020ൽ ഇംഗ്ലണ്ട് നേടിയ ഗോളുകളുടെ എണ്ണമാണിത്. ഒരു ഗോളുപോലും വഴങ്ങാതെയാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതെങ്കിലും, ഗാരെത് സൗത്ത്ഗേറ്റിന്റെയും ഇംഗ്ലണ്ടിന്റെയും ശൈലിയെ കുറിച്ച് വിമർശനങ്ങൾ ശക്തമായിരുന്നു. വൻ താരനിര ഉണ്ടായിരുന്നിട്ടും അവ കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്നതായിരുന്നു പ്രധാന വിമർശനം.

അവക്കെല്ലാമുള്ള മറുപടി കൂടിയായിരുന്നു ഉക്രൈനെതിരെയുള്ള മത്സരത്തിലെ പ്രകടനം. ടൂർണമെന്റിൽ ഇത് വരെ ഗോൾ വഴങ്ങാത്ത ടീമെന്ന ഖ്യാതി നിലനിറുത്തിയ ഇംഗ്ലണ്ട്, നാല് ഗോളുകളാണ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നേടിയത്. ഇംഗ്ലണ്ട് ഈ ടൂർണമെന്റിൽ ഇത് വരെ കളിച്ച മത്സരങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ത്രസിപ്പിച്ചതും ഉക്രൈനെതിരെയായിരുന്നു.

ഇംഗ്ലണ്ടിന്റെ ഈ വിജയം ആത്യന്തികമായ ടീമിന്റെ വിജയം തന്നെയാണ്. എങ്കിലും, എടുത്ത് പറയേണ്ട ചില പേരുകളുണ്ട്: റഹീം സ്റ്റെർലിങ്ങിന്റെയും, ഹാരി കെയ്‌നിന്റെയും. യൂറോ 2020ൽ സൗത്ത്ഗേറ്റ് ഒരു പക്ഷെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടാവുക സ്റ്റെർലിംഗിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന്റെ പേരിലാവും. പക്ഷെ, ഓരോ തവണയും പരിശീലകൻ തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുകയും, വിമർശകരുടെ വായയടപ്പിക്കുകയും ചെയ്യുന്ന പ്രകടനമാണ് ഈ ടൂർണമെന്റിൽ ഉടനീളം മാഞ്ചസ്റ്റർ സിറ്റി താരം പുറത്തെടുത്തിട്ടുള്ളത്.

ക്രൊയേഷ്യക്കെതിരെയും, ചെക്ക് റിപ്പബ്ലിക്കിനെതിരെയും ഇംഗ്ലണ്ടിന്റെ വിജയ ഗോളുകൾ നേടിയ, ജർമനിക്കെതിരെ ടീമിന്റെ ആദ്യ ഗോൾ നേടിയ സ്റ്റെർലിംഗാണ് ഉക്രൈനെതിരെയുള്ള ആദ്യ ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിന്റെ നാലാം മിനുറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ ആ ഗോൾ. ഇടത് പാർശ്വത്തിൽ നിന്ന് ഉള്ളിലേക്ക് പന്തുമായി മുന്നേറിയതിന് ശേഷം സ്റ്റെർലിങ് ബോക്സിനുള്ളിലേക്ക് നൽകിയ പാസ് ഉക്രൈൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു. പന്ത് സ്വീകരിച്ച കെയ്ൻ ഒരു മികച്ച ഫിനിഷിലൂടെ അത് വലയിലെത്തിക്കുകയും ചെയ്തു.

മത്സരത്തിന്റെ 65ആം മിനുറ്റിൽ തന്നെ പിൻവലിക്കുന്നത് വരെ ഉക്രൈൻ പ്രതിരോധത്തിന് തലവേദന സൃഷ്ട്ടിച്ച ഒരു സാന്നിധ്യമായിരുന്നു സ്റ്റെർലിങിന്റേത്. മികച്ച നീക്കങ്ങൾ കൊണ്ട് അവരെ വെള്ളം കുടിപ്പിച്ച സ്റ്റെർലിങ്, മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നെന്ന് നിസ്സംശയം പറയാം.

അതേ സമയം, ഈ ടൂർണമെന്റിൽ ഏറെ വിമർശനങ്ങൾക്ക് വിധേയനായ മറ്റൊരു താരമാണ് കെയ്ൻ. പ്രീമിയർ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടിയും, അസിസ്റ്റുകൾ സൃഷ്ടിച്ചും ഏറെ ത്രസിപ്പിച്ചതിന് ശേഷം യൂറോ കപ്പിന് എത്തിയ താരത്തിന് ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ജർമനിക്കെതിരെയുള്ള റൗണ്ട്-ഓഫ്-16 മത്സരത്തിൽ ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടിയ താരം, ഉക്രൈനെതിരെ ഈ ടൂർണമെന്റിലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

മത്സരത്തിലെ ആദ്യ ഗോൾ നേടാൻ സ്റ്റെർലിങ്ങിന്റെ പാസ് കൃത്യ സ്ഥലത്തും, കൃത്യ സമയത്തും സ്വീകരിക്കാൻ കെയ്‌നിനായി എന്നത് താരത്തിന്റെ നിലവാരം കാണിക്കുന്നു. മികച്ച ഒരു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ താരം, മനോഹരമായ ഒരു വോളിയിലൂടെ ഹാട്രിക്ക് ഗോൾ നേടുന്നതിന് അടുത്തെത്തിയെങ്കിലും, ഉക്രൈൻ ഗോൾകീപ്പർ ഒരു മികച്ച സേവിലൂടെ തടയുകയായിരുന്നു. കെയ്ൻ ഫോമിലേക്ക് വന്നു എന്നത് മുന്നോട്ടുള്ള യാത്രയിൽ ഇംഗ്ലണ്ടിന് ഏറെ സന്തോഷവും ആശ്വാസവും നൽകുന്ന വാർത്തയാണ്.

അതേ സമയം, ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് പരാജയപ്പെടുത്തിയ ഡെന്മാർക്കാണ് സെമി ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഫൈനലിലേക്ക് മുന്നേറുകയാണെങ്കിൽ, ഇറ്റലി-സ്പെയിൻ മത്സരത്തിലെ വിജയികളെയാവും വെംബ്ലിയിൽ വെച്ച് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ട് നേരിടുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോള്ളോ ചെയ്യുക.

facebooktwitterreddit