ചെൽസിയുമായി വ്യക്തിഗത കരാർ അംഗീകരിച്ച് സ്റ്റെർലിങ്, ട്രാൻസ്ഫർ ഉടനെ പൂർത്തിയാവും


മാഞ്ചസ്റ്റർ സിറ്റി താരമായ റഹീം സ്റ്റെർലിങ് ചെൽസിയിലേക്ക് അടുക്കുന്നു. ഇംഗ്ലീഷ് മുന്നേറ്റനിര താരം ചെൽസിയുമായി വ്യക്തിഗത കരാർ അംഗീകരിച്ചുവെന്നും ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തിയാൽ ട്രാൻസ്ഫർ ഉടനെ പൂർത്തിയാകുമെന്നും ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു വർഷം മാത്രം കരാർ ബാക്കി നിൽക്കെയാണ് റഹീം സ്റ്റെർലിങ് ചെൽസിയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നത്. ഇതോടെ ടോഡ് ബോഹ്ലി ചെൽസിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ പ്രധാനപ്പെട്ട സൈനിങ് ആയിരിക്കും ഇരുപത്തിയേഴു വയസുള്ള സ്റ്റെർലിങ്ങിന്റെത്.
Raheem Sterling has agreed personal terms with Chelsea 🔵 pic.twitter.com/yYHL7BZmc3
— GOAL (@goal) July 6, 2022
അടുത്ത സീസണോടെ കരാർ അവസാനിക്കും എന്നതിനാൽ സ്റ്റെർലിംഗിനെ ന്യായമായ തുകക്ക് സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ ചെൽസിക്കുണ്ട്. തനിക്ക് ബ്ലൂസിനു വേണ്ടി കളിക്കാനുള്ള ആഗ്രഹം സ്റ്റെർലിങ് ചെൽസി മാനേജരായ തോമസ് ടുഷെലിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2015ൽ ലിവർപൂളിൽ നിന്നും അമ്പതു മില്യൺ പൗണ്ടോളം നൽകിയാണ് സ്റ്റെർലിംഗിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. 337 മത്സരങ്ങൾ ക്ലബിനായി കളിച്ച താരം 131 ഗോളുകൾ നേടിയിട്ടുണ്ട്. ഈ വർഷാവസാനം ഖത്തർ ലോകകപ്പ് നടക്കാനിരിക്കെ കൂടുതൽ അവസരങ്ങൾ തേടുന്നതിനാണ് താരം ചെൽസിയിലേക്ക് ചേക്കേറുന്നത്.
സ്റ്റെർലിങ് ചെൽസിയിലേക്ക് ചേക്കേറിയാൽ ഈ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റി വിടുന്ന രണ്ടാമത്തെ പ്രധാനതാരമായി മാറും. നേരത്തെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസസും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി വിട്ടിരുന്നു. ആഴ്സണലിലേക്കാണ് ജീസസ് ചേക്കേറിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.