മെസിയും റൊണാൾഡോയുമല്ല, ഈ വർഷത്തെ ബാലൺ ഡി ഓർ വിജയിയെ തിരഞ്ഞെടുത്തത് റാഫേൽ നദാൽ


ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം അർഹിക്കുന്ന താരത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ ലോകഫുട്ബോളിലെ തന്നെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും തഴഞ്ഞ് ടെന്നീസ് ഇതിഹാസമായ റാഫേൽ നദാൽ. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം നവംബർ 29നു പ്രഖ്യാപിക്കാനിരിക്കെയാണ് തന്റെ അഭിപ്രായം നദാൽ പ്രകടിപ്പിച്ചത്.
കഴിഞ്ഞ സീസണിൽ ലാ ലിഗ ടോപ് സ്കോററാവുകയും അർജന്റീനക്ക് ഇരുപത്തിയെട്ടു വർഷത്തിനു ശേഷം ഒരു കിരീടം സ്വന്തമാക്കി നൽകാൻ നിർണായക പ്രകടനം നടത്തുകയും ചെയത മെസിക്കാണ് ഇത്തവണ ബാലൺ ഡി ഓറിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതെങ്കിലും റയൽ മാഡ്രിഡ് താരമായ കരിം ബെൻസിമ പുരസ്കാരം നേടണമെന്ന അഭിപ്രായമാണ് നദാൽ പ്രകടിപ്പിച്ചത്.
Does he deserve it? https://t.co/4ryTrjdBej
— MARCA in English (@MARCAinENGLISH) October 27, 2021
"ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ ആരാധിക്കുന്ന, കളിക്കുന്ന സ്പോർട്സിനോടുള്ള ആത്മാർത്ഥതയും പ്രൊഫെഷണലിസവും ഈ പ്രായത്തിലും കാത്തു സൂക്ഷിക്കുന്നയാൾ. ബെൻസിമക്ക് 2021ലെ ബാലൺ ഡി ഓർ ലഭിക്കാൻ എന്റെ ആശംസകളും പിന്തുണയും." നദാൽ ട്വിറ്ററിൽ കുറിച്ചു.
റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതോടെ ക്ലബിന്റെ പ്രധാന താരമായി ഉയർന്നു വന്ന ബെൻസിമ കഴിഞ്ഞ ഏതാനും വർഷങ്ങളായി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഈ സീസണിലിതു വരെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരം ഫ്രാൻസിനൊപ്പം യുവേഫ നാഷൻസ് ലീഗ് വിജയിച്ചതോടെയാണ് ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ള താരമായി മാറിയത്.
സിനദിൻ സിദാനു ശേഷം മറ്റൊരു ഫ്രഞ്ച് താരം ബാലൺ ഡി ഓർ സ്വന്തമാക്കിയിട്ടില്ല എന്നിരിക്കെ ബെൻസിമ പുരസ്കാരം നേടിയാൽ അതു വലിയൊരു ചരിത്രം തന്നെയായിരിക്കും. എന്നാൽ മെസി, ജോർജിന്യോ, ലെവൻഡോസ്കി, സലാ തുടങ്ങിയ താരങ്ങൾ ബെൻസിമക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.