റയൽ മാഡ്രിഡ് അഭ്യൂഹങ്ങളിൽ പ്രതികരിച്ച് എസി മിലാൻ യുവതാരം റാഫേൽ ലിയോ
By Sreejith N

വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് എസി മിലാൻ മുന്നേറ്റനിര താരം റാഫേൽ ലിയോ. മിലാനിൽ താൻ വളരെ സംതൃപ്‌തനാണെന്നാണ് പതിനൊന്നു വർഷങ്ങൾക്കു ശേഷം ക്ലബിന് സീരി എ കിരീടം സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിച്ച താരം പറഞ്ഞത്.
ഈ സീസണിൽ മുപ്പത്തിനാല് സീരി മത്സരങ്ങൾ കളിച്ച 22 വയസുള്ള താരം 11 ഗോളുകളും 8 അസിസ്റ്റും മിലാനു വേണ്ടി നേടിയിട്ടുണ്ട്. റയൽ മാഡ്രിഡ് അഭ്യൂഹങ്ങളിൽ വളരെ സന്തോഷമുണ്ടെങ്കിലും എന്നാൽ അസി മിലാനൊപ്പം തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്നുമാണ് പോർച്ചുഗൽ താരം പറയുന്നത്.
"ഞാൻ മിലാനിലാണുള്ളത്. എനിക്കിവിടെ രണ്ടു വർഷം കൂടി കരാറിൽ ബാക്കിയുണ്ട്, ഇവിടേം വീടു പോലെയുമാണ്. എന്നെ വിൽക്കാനില്ലെന്നും ആരെയും തൊടാൻ സമ്മതിക്കില്ലെന്നും മിലാൻ പറയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്." എ ബോളയോട് റാഫേൽ ലിയോ പറഞ്ഞു.
"റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നുണ്ട്. പക്ഷെ ഞാനെന്റെ ചുവടുകൾ സാവധാനത്തിൽ ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. ക്ലബിലുള്ള പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം ജോലി ചെയ്യാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്." താരം വ്യക്തമാക്കി.
സ്പോർട്ടിങ്ങിൽ നിന്നും ചെറുപ്പത്തിൽ എസി മിലാനിലെത്തിയ ലിയോ ക്ലബിന്റെ പ്രധാനതാരമായി മാറാൻ കുറച്ച് സമയം വേണ്ടി വന്നെങ്കിലും ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം താരത്തിനായി റയൽ മാഡ്രിഡ് 120 മില്യൺ യൂറോ വരെ മുടക്കാൻ തയ്യാറാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.