ആൻസലോട്ടിയുടെ മോഹം നടക്കില്ല, റിച്ചാർലിസൺ ക്ലബിനൊപ്പം തുടരുമെന്ന് റാഫ ബെനിറ്റസ്


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടാ പ്രധാന ട്രാൻസ്ഫർ അഭ്യൂഹങ്ങളിലൊന്ന് കെയ്ലിയൻ എംബാപ്പയുടേതാണെങ്കിലും അതിനൊപ്പം ബ്രസീലിയൻ താരമായ റിച്ചാർലിസണിന്റെ പേരും ഉണ്ടായിരുന്നു. കാർലോ ആൻസലോട്ടി റയൽ മാഡ്രിഡിന്റെ പരിശീലകനായി എത്തിയതോടെയാണ് എവർട്ടൺ മുന്നേറ്റനിര താരം ലോസ് ബ്ലാങ്കോസിലേക്ക് എത്തുമെന്ന സൂചനകളും ശക്തമായത്.
എന്നാൽ പുതിയതായി ഏവർട്ടണിന്റെ ചുമതല ഏറ്റെടുത്ത സ്പാനിഷ് പരിശീലകൻ റാഫ ബെനിറ്റസ് ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. റിച്ചാർലിസണുമായി താൻ സംസാരിച്ചുവെന്നും അടുത്ത സീസണിൽ താരം ക്ലബിനൊപ്പം തന്നെ ഉണ്ടാകുമെന്നുമാണ് മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടിയായ ബെനിറ്റസ് വ്യക്തമാക്കിയത്.
"He knows he has to give us something back..." ?️https://t.co/8auGbZxrrt
— Mirror Football (@MirrorFootball) July 18, 2021
"ഞാൻ റിച്ചാർലിസണുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. താരത്തിന് ഒളിമ്പിക്സിനു പോകേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചപ്പോൾ താരത്തിന് യാതൊരു കുഴപ്പവുമില്ല. ടോക്കിയോയിലേക്ക് പോകുന്നതിലും താൽപര്യമുണ്ട്. ഞങ്ങൾ റിച്ചാർലിസണ് നൽകിയ പിന്തുണക്ക് തിരിച്ചു ചിലതു നൽകേണ്ടതുണ്ടെന്ന് താരത്തിനറിയാം." എവർട്ടൺ ഔദ്യോഗിക വെബ്സൈറ്റിൽ റാഫ ബെനിറ്റസ് പറഞ്ഞു.
"സീസണിന്റെ തുടക്കത്തിൽ താരത്തെ നഷ്ടപ്പെടുന്നത് ഞങ്ങൾക്ക് ദോഷമായിരിക്കും. എന്നാൽ സീസണിന്റെ ബാക്കി സമയങ്ങളിൽ താരത്തിന്റെ സാന്നിദ്ധ്യം ഞങ്ങൾക്ക് വലിയ കരുത്തായിരിക്കും. ക്ലബ് ചെയ്തു നൽകിയതിന് താരം അതിനേക്കാൾ മികച്ച രീതിയിൽ തിരിച്ചു നൽകും." റിച്ചാർലിസണിനെ ഒളിമ്പിക്സിനു പോകാൻ എവർട്ടൺ അനുവദിച്ചതിനെ സൂചിപ്പിച്ച് ബെനിറ്റസ് വ്യക്തമാക്കി.
ബ്രസീലിനു വേണ്ടി ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കാൻ റിച്ചാർലിസൺടോക്കിയോയിൽ ഇറങ്ങുമ്പോൾ എവർട്ടൺ പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ അമേരിക്കയിലെ ഫ്ളോറിഡയിലാണുള്ളത്. ആഴ്സണൽ, ഇന്റർ മിലാൻ, മില്ലോനാറിസ് എന്നിവർക്കൊപ്പം ഫ്ലോറിഡ കപ്പ് എന്ന പേരിലാണ് എവർട്ടൺ പ്രീ സീസൺ മത്സരങ്ങൾ കളിക്കുക.