ഹാളണ്ട് ബാഴ്സലോണയിലേക്ക് വരാനുള്ള സാധ്യത ഇപ്പോൾ കാണുന്നില്ലെന്ന് ക്ലബ് വൈസ് പ്രസിഡന്റ് റാഫ യുസ്തെ

സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ബാഴ്സലോണക്ക് ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കർ എർലിംഗ് ഹാളണ്ടിനെ പോലെയുള്ള ഒരു സൂപ്പർ താരത്തെ സൈൻ ചെയ്യാനുള്ള സാധ്യത ഒന്നും താൻ കാണുന്നില്ലെന്ന് കാറ്റലൻ ക്ലബിന്റെ വൈസ് പ്രസിഡന്റായ റാഫ യുസ്തെ.
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഹാളണ്ടിനെ ബാഴ്സലോണ സൈൻ ചെയ്തേക്കുമെന്ന് ക്ലബ് സിഇഓ ആയ ഫെറൻ റെവെർട്ടർ സൂചന നൽകിയിരുന്നു. എന്നാൽ അങ്ങനെ ഒരു സാധ്യത കാണുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുക്കയാണ് യുസ്തെ.
ജോസെഫ് മരിയ ബാർട്ടോമ്യു ബാഴ്സലോണ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുമുള്ളതിനാൽ, കാറ്റലൻ ക്ലബ് ട്രാൻസ്ഫർ മാർക്കറ്റിൽ കൂടുതൽ ശ്രദ്ധാപൂർവ്വമായ സമീപനം സ്വീകരിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. വൻ തുക ചിലവഴിച്ച് സൂപ്പർതാരങ്ങളെ സ്വന്തം കൂടാരത്തിലെത്തിക്കാൻ ബാഴ്സക്ക് നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് തന്നെയാണ് യുസ്തെയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
"ഹാലാൻഡ് [സൈനിങ്] ഇപ്പോൾ സംഭവിക്കുന്നത് ഞാൻ കാണുന്നില്ല. ഇപ്പോൾ മുതൽ അടുത്ത വർഷം വരെ സ്ഥിതി എന്താണെന്നും ട്രാൻസ്ഫർ ജാലകത്തിൽ നമുക്ക് എന്ത് ചെയ്യാനാകുമെന്നും കാണാം," യുസ്തെ മുണ്ടോ ഡിപോർട്ടീവോയോട് പറഞ്ഞു.
റൊണാൾഡ് കൂമാനുമായി പ്രവർത്തിക്കുന്നത് എളുപ്പമല്ലെന്നും, എന്നാൽ പരിശീലകൻ എന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്ന് യുസ്തെ കൂട്ടിച്ചേർത്തു.