Football in Malayalam

യൂറോ കപ്പിൽ നിന്നും ഫ്രാൻസ് പുറത്തായതിന് പിന്നാലെ ടീമിലെ സൂപ്പർതാരങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിൽ വാക്കേറ്റം

Sreejith N
FBL-EURO-2020-2021-FRA-TRAINING
FBL-EURO-2020-2021-FRA-TRAINING / FRANCK FIFE/Getty Images
facebooktwitterreddit

യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി ഫ്രാൻസിന്റെ നേരത്തെയുള്ള പുറത്താവലിനു പിന്നാലെ ടീമിലെ സൂപ്പർതാരങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായതായി റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം യുവന്റസ് താരമായ അഡ്രിയാൻ റാബിയട്ടിന്റെ മാതാവ് എംബാപ്പെ, പോഗ്ബ എന്നിവരുടെ കുടുംബാംഗങ്ങളുമായാണ് വാക്കേറ്റം നടത്തിയത്.

മത്സരത്തിന്റെ ഷൂട്ടൗട്ടിലെ അവസാന കിക്ക് എംബാപ്പെ നഷ്ടപ്പെടുത്തി ഫ്രാൻസ് തോൽവി ഉറപ്പിച്ചതിനു ശേഷമാണ് അഡ്രിയൻ റാബിയട്ടിന്റെ അമ്മയായ വെറോണിക്ക റാബിയട്ട് ഫ്രാൻസിലെ മറ്റു താരങ്ങളുടെ കുടുംബാംഗങ്ങളുമായി വാക്കേറ്റമുണ്ടാക്കിയത്. ആദ്യം പോഗ്ബയുടെ കുടുംബാംഗങ്ങളെ സമീപിച്ച അവർ സ്വിറ്റസർലൻഡിന്റെ അവസാനത്തെ ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പന്ത് നഷ്ടപ്പെടുത്തിയതിനെ ചോദ്യം ചെയ്യുകയായിരുന്നു.

അതിനു ശേഷം എംബാപ്പയുടെ അച്ഛനെ സമീപിച്ച വെറോണിക്ക റാബിയട്ട് രൂക്ഷമായ വിമർശനമാണ് പിഎസ്‌ജി താരത്തിനെതിരെ ഉയർത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എംബാപ്പയുടെ അഹങ്കാരം കുറക്കാൻ പഠിപ്പിക്കണം എന്നവർ താരത്തിന്റെ പിതാവിനോട് ആവശ്യപ്പെട്ടത് കൂടുതൽ തർക്കങ്ങൾക്ക് വഴി വെക്കുകയും ചെയ്‌തു.

മത്സരത്തിനിടെ താരങ്ങൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങളുടെ ബാക്കിയാണ് മത്സരത്തിനു ശേഷം ഗ്യാലറിയിലും അരങ്ങേറിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മത്സരത്തിന്റെ അവസാനനിമിഷം സ്വിറ്റ്സർലൻഡ് നേടിയ ഗോളിനു മുൻപ് പോഗ്ബ പന്ത് നഷ്ടപ്പെടുത്തിയതിനോട് രൂക്ഷമായാണ് റാബിയട്ട് പ്രതികരിച്ചത്. എക്‌സ്ട്രാ ടൈമിന് മുൻപ് ഇതിൽ ഇടപെട്ടതിനെക്കുറിച്ച് ദെഷാംപ്‌സ് വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു.

"അവരെയെനിക്ക് ശാന്തരാക്കേണ്ടി വന്നു. ഞങ്ങൾ സമാധാനത്തോടെ തുടരേണ്ടത് അത്യാവശ്യമായിരുന്നു. കാരണം മത്സരത്തിന്റെ എക്‌സ്ട്രാ ടൈം കളിക്കാൻ ബാക്കി കിടക്കുകയായിരുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഫ്രാൻസ് പരിശീലകൻ വ്യക്തമാക്കി.

facebooktwitterreddit